ജോർഹട്ട്: ബുള്ളി ഭായ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന യുവാവ് അറസ്റ്റിൽ.
നിരഞ്ജ് ബിഷ്ണോയ് (21) എന്ന എൻജിനിയറിംഗ് വിദ്യാർഥിയെയാണു ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജി ഓപ്പറേഷൻസ് വിഭാഗം ആസാമിലെ ജോർഹട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെത്തിയ നിരഞ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. നൂറുകണക്കിനു മുസ്ലിം സ്ത്രീകളെ ഓണ്‍ലൈൻ “ലേലത്തിൽ’ വച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണു നിരഞ്ജ്.
മറ്റു മൂന്നുപേരെയും മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഉത്തരാഖണ്ഡിൽനിന്നുള്ള പത്തൊന്‍പതുകാരി ശ്വേത സിംഗും ഉൾപ്പെടുന്നു.
ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിടെക് വിദ്യാർഥിയായ നിരഞ്ജാണ് ബുള്ളി ഭായ് ആപ്പ് നിർമിച്ച് ജിറ്റ്ഹബ്ബിൽ ഉപയോഗത്തിനു നൽകിയത്. ബുള്ളി ഭായ് എന്ന ട്വിറ്റർ അക്കൗണ്ടിന്റെ ഉടമയും നിരഞ്ജാണ്.