ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി. ജി. ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന നിരീക്ഷണത്തിലാണ് കോടതി 15 പ്രതികൾക്കും വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രഞ്ജിത്ത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ശിക്ഷ വിധിച്ചതിന് ശേഷം ജഡ്ജിക്കെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഭീഷണികളുയർന്നു. ഇതേ തുടര്‍ന്ന് ജഡ്ജി വി. ജി. ശ്രീദേവിക്ക് പോലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
2021 ഡിസംബർ 19 നാണ് രഞ്ജിത്തിനെ ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. തലേദിവസം എസ്ഡിപിഐ നേതാവ് കെ. എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രഞ്ജിത്തിനെ വധിച്ചത്.