കോഴിക്കോട്: ‘ഇന്ത്യൻ റുപ്പീ’ എന്ന സിനിമയിൽ കോഴിക്കോട് നഗരത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി ഒരു രാത്രികൊണ്ട് കോടീശ്വരനാകുന്ന കഥാപാത്രമുണ്ട്, പൃഥിരാജ് അവതരിപ്പിച്ച ജയകുമാർ.
കോടീശ്വരനായതിനു പിന്നാലെ നായകന്റെ കാര്യങ്ങൾ തകിടംമറിയുന്നതായിരുന്നു കഥാതന്തു. രഞ്ജിത്തായിരുന്നു സിനിമയുടെ സംവിധാനം.
കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന്റെ സ്ഥാനാർഥി ഭാവിയിലും അരങ്ങേറിയത് സമാന തകിടംമറിച്ചിലാണ്. ലൊക്കേഷൻ കോഴിക്കോടായതു തികച്ചും യാദൃശ്ചികം.
കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് ഇടതുമുന്നണി സ്ഥാനാർഥിയാവുമെന്ന വാർത്ത പുറത്തുവന്ന് ഒരു ദിവസത്തിനകം മത്സരിക്കാനില്ലെന്നറിയിച്ച് രഞ്ജിത്ത്.
മത്സരിക്കുന്നോ എന്ന് പാർട്ടി അന്വേഷിച്ചതായും പാർട്ടി പിന്തുണയുണ്ടെങ്കിൽ മത്സരിക്കുമെന്നും അറിയിച്ച രഞ്ജിത്ത് ഇന്നലെ നിലപാട് മാറ്റുകയായിരുന്നു.
ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കോഴിക്കോട് നോർത്ത്. കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ചത് സിപിഎമ്മിലെ എ.പ്രദീപ് കുമാറാണ്.
പ്രിസം പദ്ധതിപോലുള്ള നൂതന ആശയങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കി കൈയടി നേടിയ പ്രദീപിനെ മാറ്റി രഞ്ജിത്തിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിക്കകത്തുതന്നെ എതിരഭിപ്രായമുയർന്നിരുന്നു. ഇതോടെ സമ്മര്ദമേറിയ രഞ്ജിത്ത് സ്വയം പിന്മാറിയതാണെന്നാണ് വിവരം.
ജില്ലയിലെ സിപിഎം വിഭാഗീയതയാണ് കോഴിക്കോട് നോർത്തിൽ രഞ്ജിത്തിന്റെ പേരുയർന്ന് വരാൻ ഇടയായതെന്നാണ് സൂചന.
പ്രദീപ് കുമാറിനെ ഒതുക്കാൻ പാർട്ടിയിലെ ഒരു വിഭാഗം ഒരുക്കിയ തിരക്കഥയായിരുന്നു രഞ്ജിത്തിന്റെ സ്ഥാനാർഥിത്വം. സ്ഥാനാർഥിചർച്ച പോലും തുടങ്ങുന്നതിനു മുന്പാണ് രഞ്ജിത്തിന്റെ പേരുയർന്നുവന്നത്.
വാർത്ത നിഷേധിക്കാതെ രഞ്ജിത്തും മാധ്യമങ്ങൾക്കുമുൻപിൽ പ്രത്യക്ഷപ്പെട്ടതോടെ സ്ഥാനാർഥിത്വം ഉറപ്പിച്ച നിലയിലായിരുന്നു നീക്കങ്ങൾ. പിന്നീടാണ് പാർട്ടിഫോറങ്ങൾക്കു പുറത്ത് രൂപപ്പെട്ട കെണി സിപിഎം മനസിലാക്കുന്നത്.
രഞ്ജിത്തുമായി മുന്നോട്ടുപോയാൽ വിഭാഗീയത ക്ഷണിച്ചുവരുത്തലാകും ഫലം എന്ന് തിരിച്ചറിഞ്ഞ സിപിഎം ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ച ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കോഴിക്കോട് നോർത്തിലേക്ക് പ്രദീപ് കുമാറിന്റെ പേരു മാത്രമാണ് ചേർത്തത്.
ഒരു ദിവസം നീണ്ടുനിന്ന തിരക്കഥയ്ക്ക് ആന്റിക്ലൈമാക്സൊരുക്കി രഞ്ജിത്തും പ്രദീപ് കുമാറാണ് ഉചിതം എന്ന നിലപാടെടുത്തു.
ബൈജു ബാപ്പുട്ടി