മുംബൈ: രാഹുൽ ഗാന്ധിക്കെതിരേ വിമർശനവുമായി വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ രംഗത്ത്. രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അവഹേളിക്കുകയാണ്. പണ്ട് മുതലേയുള്ള കോൺഗ്രസിന്റെ കീഴ് വഴക്കമാണിതെന്ന് രഞ്ജിത് സവർക്കർ പറഞ്ഞു. സവർക്കറിനെതിരേ രാഹുൽ ആക്ഷേപകരമായ പരാമർശം തുടർന്നാൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞവർ ഇന്ന് രാഹുലിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സവർക്കർ-ജിയെ അപമാനിച്ച രാഹുൽ ഗാന്ധിയെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് 2019-ൽ ഉദ്ധവ് താക്കറെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ ഇന്ന് രാഹുലിനൊപ്പം ചേർന്ന് അദ്ദേഹം എന്റെ മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തുകയാണ്.
ഇന്ത്യാ ബ്ലോക്കിലെ മറ്റ് നേതാക്കളും ഇത് ആവർത്തിക്കുന്നു. രാഷ്ട്രീയത്തിനായി സവർക്കർ-ജിയെ അപമാനിക്കുന്നത് തെറ്റാണ്, ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകും. ഈ പ്രസ്താവനകളോടുള്ള പൊതു പ്രതികരണം മഹാരാഷ്ട്രയിൽ നമ്മൾ കണ്ടതാണ്. കോൺഗ്രസിനോടുള്ള എതിർപ്പ് ജനങ്ങൾക്ക് വർധിച്ചുവരികയാണ്”-എന്ന് രഞ്ജിത് സവർക്കർ പറഞ്ഞു.