ന്യൂഡൽഹി: ബിഹാർ 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർഥി അറസ്റ്റിൽ. ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ്(ബിഎസ്ഇബി)നടത്തിയ ഇൻറർമീഡിയറ്റ് ഹ്യുമാനിറ്റീസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ ജാർഖണ്ഡ് സ്വദേശി ഗണേഷ്കുമാറാണ് അറസ്റ്റിലായത്. ഒരു ടിവി ചാനൽ നടത്തിയ അഭിമുഖത്തിൽ അടിസ്ഥാന ചോദ്യങ്ങളുടെ ഉത്തരംപോലും നൽകാൻ കഴിയാതിരുന്നതിനെ തുടർന്ന് ഗണേഷിന്റെ പരീക്ഷാഫലം റദ്ദ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ഗണേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
24 വയസ് പ്രായം കാണിച്ചാണ് ഗണേഷ് പരീക്ഷ എഴുതിയത്. എന്നാൽ ഇയാൾക്ക് 42 വയസ് ഉണ്ടെന്നും രണ്ടുകുട്ടികളുടെ പിതാവാണെന്നും ബിഎസ്ഇബി ചെയർമാൻ ആനന്ദ് കിഷോർ പറഞ്ഞു. 1975 നവംബർ ഏഴാണ് ഗണേഷിന്റെ ശരിക്കുമുള്ള ജനനത്തീയതിയെന്നും അദ്ദേഹം പറഞ്ഞു. 1993 ജൂൺ രണ്ടിനാണ് ജനിച്ചതെന്നാണ് അപേക്ഷ ഫോമിൽ ഇയാൾ രേഖപ്പെടുത്തിയിരുന്നത്.
നേരത്തെ, ബിഎസ്ഇബി ചെയർമാൻ ആനന്ദ് കിഷോർ ഗണേഷിനെ പിന്തുണച്ചു വന്നിരുന്നെങ്കിലും വിവാദമായതോടെ മറുകണ്ടം ചാടി ഫലം റദ്ദു ചെയ്യുകയായിരുന്നു. സമസ്തിപൂരിലെ സ്കൂളിൽ പഠിച്ച ഗണേഷ് ആർട്സ് വിഷയത്തിൽ സംഗീതമുൾപ്പെടെയുള്ള വിഷയങ്ങളിൽ മികച്ച മാർക്ക് നേടിയാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത്. 24 കാരനായ ഇയാൾക്ക് 500ൽ 413 മാർക്ക് ലഭിച്ചു, ഹിന്ദിക്ക് 92, സംഗീതത്തിന് 83 എന്നിങ്ങനെയായിരുന്നു ഗണേഷിന്റെ മാർക്ക്.
ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാം റാങ്കുകാരനായ ഇയാൾ എവിടെയാണെന്ന് മാധ്യമങ്ങൾക്കു വിവരം ലഭിച്ചില്ല. പിന്നീട് ഇയാളെ കണ്ടെത്തി. ഇത്രയും ഉയർന്ന മാർക്ക് കിട്ടുമെന്ന് കരുതിയില്ല, അറിയാവുന്നവയ്ക്ക് താൻ ഉത്തരം എഴുതി, അറിയാത്തവയ്ക്ക് ഉത്തരങ്ങൾ സൃഷ്ടിച്ച് നന്നായെഴുതിയെന്നായിരുന്നു രണ്ടു ദിവസത്തിനു ശേഷം കണ്ടെത്തിയപ്പോൾ ഗണേഷിന്റെപ്രതികരണം.
പിന്നീട് മാധ്യമപ്രവർത്തകർ വിഷയവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും അവയ്ക്ക് വ്യക്തമായി ഉത്തരം പറയാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇതേതുടർന്നാണ് ഇയാളുടെ ഫലം റദ്ദു ചെയ്തത്.
കഴിഞ്ഞ വർഷം 12-ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയ റൂബി റായി എന്ന വിദ്യാർഥിനി പൊളിറ്റിക്കൽ സയൻസ് പാചകം പഠിപ്പിക്കുന്ന വിഷയമാണെന്ന് പറഞ്ഞിരുന്നു. പൊളിറ്റിക്കൽ സയൻസിനെ പ്രോഡിഗൽ സയൻസ് എന്ന് ഉച്ചരിച്ച റൂബിക്ക് ഒന്നാം റാങ്ക് ലഭിച്ചത് വിവാദമാകുകയും ചെയ്തിരുന്നു.