റാന്നി: അങ്ങാടിയിലെ സ്ഫോടനം സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. ജില്ലാ ഫോറൻസിക് ടീം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഥലത്തുനിന്നും ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും.
സ്ഫോടന സ്ഥലത്തു നിന്നും ലഭിച്ച പാറക്കഷണങ്ങൾ, ചില്ല്, മണ്ണ്, മരക്കഷണത്തിന്റെ ഭാഗങ്ങൾ എന്നിവയൊക്കെ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിൽ ഇവ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
സ്ഫോടനം നടന്ന സ്ഥലത്തിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മാലിന്യ ടാങ്കും സ്ഫോടനത്തിൽ ഭാഗികമായി തകർന്നിരുന്നു.
ഇതിന്റെ കട്ടകളും മറ്റും ദൂരേക്ക് ഇളകിത്തെറിച്ചിരുന്നു. ടാങ്കിന്റെ ഭാഗമായി ലഭിച്ച വസ്തുക്കളും പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗം ശേഖരിച്ചു കൊണ്ടുപോയി. ഹോട്ടലിന്റെ മാലിന്യ ടാങ്കിനു സമീപമായിരുന്നു സ്ഫോടനം.
പുറത്തു നിന്നുള്ള എന്തെങ്കിലും വസ്തു ഇവിടെ കൊണ്ടിട്ടു പ്രത്യേകമായി സ്ഫോടനം നടക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും മാലിന്യ ടാങ്കിനു സമീപം ചപ്പുചവറുകൾ കത്തിയതാകാം സ്ഫോടനത്തിന് വഴിവച്ചതെന്നുമാണ് പോലീസ് ഭാഷ്യം. എന്നാൽ സ്ഥലത്ത് ഉഗ്രസ്ഫോടനം നടന്നതിനാൽ ഇവിടെ നിന്ന് വസ്തുക്കൾ ശേഖരിച്ചു കൊണ്ടുപോയ ഫോറൻസിക് ടീമിന്റെ റിപ്പോർട്ട് നിർണായകമാകും.