പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടിക വൈകുകയാണെങ്കിലും കോന്നിയില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു. ഇന്നലെ കോന്നിയിലെത്തിയ സുരേന്ദ്രന് ഇതു സംബന്ധിച്ച് പ്രധാന ഭാരവാഹികളുമായി ചര്‍ച്ച നടത്തി. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതു കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നാണ് സൂചന. ഇന്നലെ കോന്നിയിലെത്തിയ സുരേന്ദ്രന് മണ്ഡലത്തില്‍ ത്രികോണ പോരാട്ടം ഉണ്ടാകുമെന്നു മാത്രമാണ് പറഞ്ഞത്.
കെ. പത്മകുമാർ
ജില്ലയില്‍ എന്‍ഡിഎയില്‍ നിന്ന് റാന്നിയില്‍ ബിഡിജെഎസ് മത്സരിക്കും. കഴിഞ്ഞതവണയും ബിഡിജെഎസാണ് മത്സരിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റുമായ കെ. പത്മകുമാറാകും സ്ഥാനാര്‍ഥി. 2016ലും പത്മകുമാറാണ് മത്സരിച്ചത്.
ബിഡിജെഎസ് മത്സരിച്ചിരുന്ന മറ്റൊരു മണ്ഡലമായ തിരുവല്ല ഇത്തവണ ബിജെപി ഏറ്റെടുക്കും. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുടെ പേരാണ് പരിഗണനയിലുള്ളത്. അടൂരില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ കെ. പ്രതാപനു തന്നെയാണ് സാധ്യത.
ഇന്നലെ പന്തളത്തു പ്രതാപനെ സ്വീകരിച്ചു കൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പങ്കെടുത്തു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ആറന്മുളയിലെ ബിജെപി സ്ഥാനാര്‍ഥിയെ സംബന്ധിച്ചും അനിശ്ചിതത്വം തുടരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം കൂടി കഴിഞ്ഞശേഷമേ ആറന്മുളയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നാണ് സൂചന.പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ അടക്കമുള്ള പേരുകളാണ് പരിഗണനയിലുള്ളത്. എന്നാല്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതും ബിജെപി പരിഗണനയിലാണ്.