റാന്നി: ജലപ്രളയത്തിനു ശേഷം റാന്നി ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡ് തകർന്നു തരിപ്പണമായി. പഴവങ്ങാടി പഞ്ചായത്ത് വക ബസ് സ്റ്റാൻഡിന്റെ കോൺക്രീറ്റ് തകർന്ന് ഇരുമ്പു കമ്പികൾ ഉയർന്നു നിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയായി. കമ്പിയിൽ തട്ടി യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായി.
പഴവങ്ങാടി മക്കപ്പുഴ സ്വദേശി ബൈജുവിനു കാലിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ബസിന്റെ പിന്നാലെ ഓടിയപ്പോൾ കമ്പിയിൽ തട്ടി വീഴുകയായിരുന്നു. സ്റ്റാൻഡിലെ യാർഡ് പൂര്‍ണമായും പൊളിഞ്ഞു കിടക്കുകയാണ്. കോൺക്രീറ്റ് തകർന്നപ്പോൾ കമ്പികൾ തെളിഞ്ഞു.
പൂട്ടുകട്ട പാകിയ സ്ഥലമൊഴിച്ച് മറ്റു പല ഭാഗങ്ങളും തകർന്നു.വെള്ളപൊക്കത്തിനു മുമ്പ് തന്നെ സ്റ്റാൻഡ് തകർന്നിരുന്നു. ജലപ്രളയം കൂടി ആയപ്പോൾ തകർച്ച രൂക്ഷമായി.മഴക്കാലത്ത് വെള്ളകെട്ടും വേനൽ കാലത്ത് പൊടിയുമാണ്. വാഹനങ്ങളുടെ ടയർ തകര്‍ന്ന കമ്പി കൊണ്ട് പഞ്ചറാകുകയാണ്.
സ്റ്റാൻഡ് തകർന്നത് വ്യാപാരികൾക്കും വിനയായിരിക്കുകയാണ്. മഴക്കാലത്ത് വെള്ളകെട്ടിൽ നിന്ന് ചെളിവെള്ളം തെറിക്കുന്നു. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ബസ് സ്റ്റാൻഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് യാത്രാക്കാരും വ്യാപാരികളും ആവശ്യം ഉയർത്തുന്നു.
ു