റാന്നി: മന്ദമരുതി തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നാലുപേരും റിമാൻഡിൽ. ഇവരെ സംഭവവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പു നടത്തിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
കീക്കൊഴൂര്‍ വെട്ടിക്കല്‍ വീട്ടില്‍ അമ്പാടി സുരേഷിനെ (24) കൊലപ്പെടുത്തിയ കേസിൽ ചേത്തയ്ക്കൽ നടമംഗലത്ത് വീട്ടില്‍ അരവിന്ദ് വി. നായര്‍ (30), ഹരിശ്രീ വിജയ് (ഹരിക്കുട്ടൻ-28), ചേത്തക്കല്‍ മലയില്‍ വീട്ടില്‍ അജോ എം. വര്‍ഗീസ് (30), ചേത്തയ്ക്കല്‍ കക്കുടുമണ്‍ നീരേറ്റുകാവ് തെക്കെകുറ്റത്ത് വീട്ടില്‍ അക്സം (25)എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ അക്സം ഒഴികെയുള്ളവരെ കൊലപാതകം നടന്ന മന്ദമരുതിയിൽ എത്തിച്ച് തെളിവെടുത്തു.
പ്ലാച്ചേരി ഭാഗത്തുനിന്നു റാന്നി ഭാഗത്തേക്ക് ഓടിച്ചു വന്ന വെള്ള സ്വിഫ്റ്റ് കാറാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. അരവിന്ദാണ് വാഹനം ഓടിച്ചിരുന്നത്. കേസിൽ ഒന്നാം പ്രതിയും അരവിന്ദാണ്.
മറ്റൊരു കാറിൽ മന്ദമരുതി മെഡിക്കൽ മിഷൻ കവലയിൽ പുറത്തിറങ്ങിയ അന്പാടി സുരേഷിനെ ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടമെന്ന ധാരണയാണുണ്ടായിരുന്നതെങ്കിലും പ്രാഥമിക പരിശോധന നടത്തിയ ഡോക്ടറും അമ്പാടി സുരേഷിന്റെ സഹോദരങ്ങള്‍ അടക്കമുള്ളവരും നല്കിയ വിവരങ്ങളാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവരാന്‍ കാരണമാക്കിയത്.
അപകടമുണ്ടാക്കിയ കാര്‍ പുലര്‍ച്ചെതന്നെ കണ്ടെത്തിയതോടെ അന്വേഷണം പ്രതികളിലേക്കു നീണ്ടു. കൊലപാതകം നടക്കുന്പോൾ അരവിന്ദിനൊപ്പം സുഹൃത്ത് അജോയും ഹരിക്കുട്ടനുമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. കൊല്ലപ്പെട്ട അമ്പാടിയുടെ ഒപ്പം കാറില്‍ ഉണ്ടായിരുന്നത് സഹോദരങ്ങളായ വിനു, വിഷ്ണു, സുഹൃത്ത് മിഥുന് എന്നിവരുമാണ്.
ഞായറാഴ്ച റാന്നി ബിവറേജസ് ഷോപ്പിനു മുമ്പില്‍ മിഥുൻ, അജോ എന്നിവര്‍ തമ്മിലുണ്ടായ അടിപിടിയുടെ തുടര്‍ സംഭവങ്ങളാണ് അമ്പാടിയുടെ മരണത്തിന് കാരണമായതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. വളപട്ടണം പോലീസ് സ്റ്റേഷനിലും ഇയാള്ക്കെതെിരേ കേസുണ്ട്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. റാന്നി ഡിവൈഎസ്പി ആർ. ജയരാജിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.