റാന്നി: പകർച്ചപ്പനിയടക്കം സാംക്രമിക രോഗങ്ങൾ പടരുന്പോഴും താലൂക്കിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുള്ളത്.താലൂക്കാശുപത്രിയിൽ നേരത്തെ 24 ഡോക്ടർമാർ വരെയുണ്ടായിരുന്നു. ഇതിപ്പോൾ നേർപകുതിയായി. പ്രതിദിനം ആയിരത്തോളം രോഗികളാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന സ്പെഷലിസറ്റ് ഡോക്ടർമാരിൽ നല്ലൊരു പങ്കും സ്ഥലംമാറിപ്പോയി. ഇത്തരം ഒഴിവുകളിൽ പകരം ആരെയും നിയമിച്ചിട്ടില്ല. മറ്റു ചില ഡോക്ടർമാർ അവധിയിൽ കൂടി പ്രവേശിച്ചതോടെ പനി ബാധിതകർ അടക്കം രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. പനി ബാധിതരായെത്തി രാവിലെ മുതൽ ആശുപത്രി ക്യൂവിൽ നിൽക്കുന്നവർ ഡോക്ടറെ കാണുന്പോഴേക്കും ഏറെ അവശരാകും.
ഒപിയിൽ പലപ്പോഴും രണ്ടോ മൂന്നോ ഡോക്ടർമാരെ ഉണ്ടാകൂ.പെരുനാട് സാമൂഹികാരോഗ്യകേന്ദ്രം അടക്കം താലൂക്കിലെ ഇതര സർക്കാർ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ ചികിത്സ തേടിയെത്തുന്നവരെ മുഴുവൻ പരിശോധിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ് ഡോക്ടർമാർ.
പ്രതിദിനം 400നും 500നും ഇടയിൽ ആളുകൾ നാറാണംമൂഴി പിഎച്ച്സിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ഒരു ഡോക്ടർ മാത്രമാണ് നാറാണംമൂഴിയിലുള്ളത്. കിടത്തിചികിത്സാ സംവിധാനം പോലുമില്ലാത്ത നിലയിലാണ് താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം