റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ വെച്ചൂച്ചിറ, അങ്ങാടി കുടിവെള്ള പദ്ധതികളുടെ കേടായ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 11.48 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു.
ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന മഠത്തുംചാൽ – മുക്കൂട്ടുതറ റോഡിലെ തകർന്ന പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനാണ് പണം അനുവദിച്ചത്.
വെച്ചൂച്ചിറ കുടിവെള്ള പദ്ധതിയിലെ കൂത്താട്ടുകുളം കുംഭിത്തോട് പൈപ്പ് മാറ്റൽ ( 92.118 ലക്ഷം ) ഇതേ പദ്ധതിയിലെ തന്നെ ചേത്തയ്ക്കൽ – കൂത്താട്ടുകുളം റോഡ് (4.71 കോടി രൂപ) അങ്ങാടി കുടിവെള്ള പദ്ധതിയിലെ അങ്ങാടി മഠത്തുംചാൽപൈപ്പ് മാറ്റൽ (5.7 കോടി രൂപ) എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഇവിടങ്ങളിലെ പൈപ്പ് മാറ്റുന്നതിന് നേരത്തെ നാലു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും എസ്റ്റിമേറ്റ് എടുത്തപ്പോൾ കൂടുതൽ തുക ആവശ്യമെന്ന് ബോധ്യപ്പെട്ടതിനാലാണ് കിഫ്ബി മുഖേന പദ്ധതി പുതുക്കി നൽകിയത്.
ഇതിനിടെ മഠത്തുംചാൽ – മുക്കൂട്ടുതറ റോഡ് നിർമാണം അങ്ങാടി ഭാഗത്ത് ആരംഭിച്ചു. എന്നാൽ ഉയർന്ന തുകയ്ക്കുള്ള എസ്റ്റിമേറ്റിന് കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്നത് വൈകിയതിനാൽ റോഡ് പണി താത്കാലികമായി നിർത്തിവച്ച് മറ്റു ഭാഗങ്ങളിലേക്ക് പോകുകയാണുണ്ടായത്.
ഇക്കാര്യം എംഎൽഎ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹവുമായി പ്രത്യേകം ചർച്ച നടത്തിയതിനു ചർച്ച നടത്തിയതിനൊടുവിലാണ് അധിക തുക അനുവദിച്ചത് .