റാന്നി: നിർമാണത്തിലെ അഴിമതി കാരണം തൊണ്ടിക്കയം – മണിയാർ റോഡ് പുനരുദ്ധരിച്ച് ഒരു മാസം തികയും മുമ്പേ തകർന്നു. ആവശ്യത്തിന് ടാർ ഉപയോഗിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പെരുനാട് – തൊണ്ടിക്കയം മുതൽ മണിയാർ വരെയുള്ള റോഡ് പുനരുദ്ധരിച്ചത്. പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
എന്നാൽ പുനരുദ്ധാരണം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞപ്പോൾ മുതൽ റോഡിന് ഏറ്റവും മുകളിൽ പാകിയിരുന്ന മെറ്റൽ ചിപ്സ് ഇളകി വരാൻ തുടങ്ങിയിരുന്നു .ഇപ്പോൾ അടിയിലെ മെറ്റൽ ഇളകി റോഡ് തകർന്നു പോയിരിക്കുകയാണ്. ആവശ്യത്തിന് ടാർ ചേർക്കാത്തതിനാൽ മുകളിലെ ചിപ്സ് അതേപടി റോഡിൽ കെട്ടിക്കിടക്കുകയാണ്.
ഇരുചക്രവാഹനങ്ങൾ ഇതുവഴി വരുമ്പോൾ ഇളകി കിടക്കുന്ന മണലിൽ കയറി അപകടം ഉണ്ടാകുന്നത് നിത്യസംഭവമായിരിക്കുന്നു. റോഡ് കടന്നുപോകുന്ന തോട്ടം മേഖലയിലാണ് ഏറ്റവും അധികം തകർച്ച ഉണ്ടായിരിക്കുന്നത്. റോഡിന്റെ പുനരുദ്ധാരണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരത്തെ ഗ്രാമീണ റോഡ് പിഎംജിഎസ്വൈ പദ്ധതികൾ പ്രകാരം പുനരുദ്ധരിച്ച് വർഷങ്ങളായി യാതൊരു കേടും ഇല്ലായിരന്നു. ഇപ്പോഴത്തെ പുനരുദ്ധാരണം നാട്ടുകാർക്ക് വിനയായിരിക്കുകയാണ്.