റാന്നി: റാന്നിയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ അങ്ങാടി കരയ്ക്കടുത്തുള്ള നദിയിലെ തൂണിന്റെ സംരക്ഷണ കവചമായി നിര്‍മിച്ചിരുന്ന ഡിആര്‍ പായ്ക്കിംഗ് തകര്‍ച്ചയില്‍.
ഇതു സംബന്ധിച്ച് മുമ്പ് പരാതി ഉയര്‍ന്നപ്പോള്‍ ഉടന്‍ പരിഹരിക്കുമെന്ന് പാലത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരനും പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ല, നവംബര്‍, ഡിസംബര്‍ മാസത്തോടെ നദിയിലെ ജലനിരപ്പൂ താഴ്ന്നപ്പോഴാണ്, പാലത്തിന്റെ തൂണിന്റെ ഡിആര്‍ പായ്ക്കിംഗ് തകര്‍ന്നത് ശ്രദ്ധയില്‍പെട്ടത്.
എന്നാല്‍ നാളിതും വരെയും തകര്‍ന്ന ഭാഗം പുനര്‍നിര്‍മിക്കാത്തതില്‍ ആശങ്ക പടരുകയാണ്. മഴക്കാലം ആകുന്നതോടെ നദിയിലെ ജലനിരപ്പുയരുന്നതിനാല്‍ പണികള്‍ നടത്താനാകില്ല. പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പു തന്നെ കഴിഞ്ഞ ആഴ്ച പാലം പണിയുടെ നിര്‍മാണ സാമഗ്രികള്‍ കരാറുകാര്‍ മാറ്റിയിരുന്നു.
പാലം പണി പുനരാരംഭിക്കാന്‍ കാലതാമസം നേരിടുമെങ്കില്, കാലവര്‍ഷത്തോടൊപ്പം വെള്ളം ഉയരുമ്പോള്‍ ഡിആര്‍ പായ്ക്കിംഗിന്റെ ബാക്കി കൂടെ തകരാനിടയാകും. നദിയുടെ അടിത്തട്ടില്‍ നിന്നും അഞ്ചടിയോളം ഉയരത്തില്‍ തൂണിന് ചുറ്റും സമചതുരത്തിലാണ് തൂണിന്റെ സംരക്ഷണ കവചമെന്ന നിലയില്‍ ഡിആര്‍ പായ്ക്കിംഗ് നിര്‍മിച്ചിരിക്കുന്നത്.
നദിയില്‍ വെള്ളം ഉയരുമ്പോഴുണ്ടാകുന്ന സമ്മര്‍ദം കാരണമാണ് പായ്ക്കിംഗ് തകര്‍ന്നതെന്ന് പറയുന്നു. നദിയിലുളള തൂണിന്റെ ചുറ്റും കല്ലുകള്‍ അടുക്കി സിമന്റ് തേച്ചാണ് ഡിആര്‍ പായ്ക്കിംഗ് നിര്‍മിച്ചിരിക്കുന്നത്.