റാന്നി: പ്രതീക്ഷകൾ ബാക്കിവച്ച് പട്ടയത്തിനുവേണ്ടി കാത്തിരിപ്പിലാണ് റാന്നിയിലെ വലിയൊരുവിഭാഗം കൈവശ കർഷകർ. പതിറ്റാണ്ടുകളായുള്ള ഇവരുടെ കാത്തിരിപ്പിന് രാഷ്ട്രീയകക്ഷികളും ഭരണക്കാരുമെല്ലാം പലപ്പോഴായി വാഗ്ദാനങ്ങളിലൂടെ മറുപടി നൽകാറുണ്ട്.ഇപ്പോഴത്തെ സ്ഥിതിയിൽ സംസ്ഥാന സർക്കാർ കനിഞ്ഞാൽ പട്ടയം ലഭിക്കുമെന്നു തന്നെയാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം.
സംസ്ഥാനത്ത് 1977 ജനുവരി ഒന്നിനു മുന്പ് വനഭൂമി കൈവശപ്പെടുത്തി സ്ഥിരതാമസമാക്കിയവർക്ക് മുഴുവൻ പട്ടയം നൽകാനുള്ള തീരുമാനം മുൻ സർക്കാർ കൈക്കൊണ്ടിരുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ നയവും ഇതുതന്നെയാണന്ന് പറയുന്നുണ്ട്. എന്നാൽ ഭൂമി കൈവശപ്പെടുത്തി 60 വർഷത്തോളം സ്ഥിര താമസമാക്കിയ കർഷകർക്ക് പോലും ഇപ്പോഴും പട്ടയം നൽകാതെ നിയന്ത്രണങ്ങളും സാങ്കേതികത്വങ്ങളും നിരത്തുകയാണ് ഉദ്യോഗസ്ഥർ. അതിന് വനം, റവന്യു വകുപ്പുകളുടെ ഒത്താശയും ഉണ്ട്.
റാന്നിയിലെ തെക്കേത്തൊട്ടി, വലിയപതാൽ, അരയാഞ്ഞിലിമണ്, പന്പാവാലി, ഏയ്ഞ്ചൽവാലി എന്നീപ്രദേശങ്ങളിലെ കൈവശക്കാർ പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്നവരാണ്. തെക്കേത്തൊട്ടിയിൽ 60 വർഷത്തോളമായി കർഷകർ വനഭൂമി സ്വന്തമാക്കിയിട്ട്. ഇവിടെ സർവേ നടത്തി റിപ്പോർട്ട് തയാറാക്കിയിരുന്നതാണ്. തുടർ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും കൈവശക്കാർക്ക് പട്ടയം നൽകാൻ കമ്മീഷൻ ഉത്തരവിട്ടിട്ടും നടപടി ഉണ്ടായില്ല.
ഇത് ചൂണ്ടിക്കാട്ടി കർഷകരിപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. താലൂക്കിലെ കരികുളം പട്ടികവർഗ കോളനി, അത്തിക്കയം 46 ഏക്കർ എന്നിവിടങ്ങളിൽ പട്ടയ വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായെങ്കിലും വനം വകുപ്പിന്റെ കടുത്ത നിലപാട് മൂലം നടക്കാതെ പോയി. എന്നാൽ കരികുളം കോളനിയുടെ കാര്യത്തിൽ മാത്രം തീരുമാനം ഉണ്ടായിട്ടുണ്ട്.
സാങ്കേതികമായ പ്രശ്നങ്ങളാണ് പലപ്പോഴും വകുപ്പുകൾ ഉന്നയിക്കുന്നത്. പട്ടയം ലഭിക്കാനുള്ള സ്ഥലത്ത് ഇതേവരെ നിരവധി സർവേകളും മറ്റും നടന്നതാണ്. തീരുമാനങ്ങളുണ്ടായാലും അത് അട്ടിമറിക്കപ്പെടുകയാണ്. പട്ടയം ലഭിച്ചാലും അതിന്റെ സ്വീകാര്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്.
കോന്നിയിൽ കഴിഞ്ഞ സർക്കാർ നൽകിയ പട്ടയം ഇപ്പോഴത്തെ സർക്കാർ പിൻവലിച്ചിരുന്നു. പട്ടയത്തിന്റെ പേരിലുള്ള രാഷ്ട്രീയവടംവലികളും തിരിമറികളും നടക്കുന്പോൾ അടുത്ത തലമുറയ്ക്കെങ്കിലും തങ്ങളുടെ സ്വന്തം കിടപ്പാടം എന്ന് അവകാശപ്പെടാൻ എന്തെങ്കിലുമുണ്ടാകുമോയെന്നാണ് കൈവശകർഷകരുടെ ചോദ്യം.