റാന്നി: റാന്നി വലിയതോടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള സമഗ്രപദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ. റാന്നി അങ്ങാടിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ കണ്‍വന്‍ഷനും ജലജാഗ്രതാ പാര്‍ലമെന്റും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
വലിയ തോടിനെ ശുദ്ധീകരിക്കുന്നതിന്റെ ആദ്യപടിയായി 28ന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തും. വലിയതോട്ടിലേക്ക് മാലിന്യം വലിച്ചെറിയരുതെന്ന ബോധം നാട്ടുകാരില്‍ ഉണ്ടാക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശുചീകരണത്തിന്റെ തുടര്‍ച്ചയായി ഏറ്റെടുക്കും.
ഒരു കാലത്ത് റാന്നിയുടെ ഐശ്വര്യമായിരുന്ന വലിയതോട് ഇന്ന് മലിനപ്പെട്ടു കിടക്കുയാണ്. ഈ മാലിന്യം പമ്പാ നദിയില്‍ എത്തിച്ചേരുന്നതുവഴി പമ്പ അനുദിനം മലിനപ്പെടുന്നു. വലിയ തോടിനെ അതിന്റെ പഴയകാല പ്രതാപത്തോടെ തിരിച്ചു കൊണ്ടു വരുന്നതിനുള്ള സമഗ്ര പദ്ധതിക്കാണ് തുടക്കമാകുന്നതെന്നും എംഎല്‍എ പറഞ്ഞു.
റാന്നിഅങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പുല്ലാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, ഹരിത കേരളം മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സണ്‍ തോമസ്, ശുചിത്വ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ഇ.രാജശേഖരന് പിള്ള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്.പ്രസാദ്, ആലിച്ചന്‍ ആറൊന്നില്‍, സമദ് മേപ്രത്ത്, ബെന്നി പുത്തന്‍പറമ്പില്‍, ടി.കെ.രാധാകൃഷ്ണന്, ബിനു തെള്ളിയില്‍, ഫാ. ബെന്‍സി മാത്യു, വി.കെ.രാജഗോപാല്‍, വി.സുരേഷ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നി അങ്ങാടി, റാന്നിപഴവങ്ങാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് വലിയ തോട് നവീകരിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. ഹരിതകേരളം മിഷന്റെ ഭാഗമായി വലിയതോടിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതിക്കാണ് തുടക്കമാകുന്നത്.