തോമസ് വര്‍ഗീസ്
ഡോക്ടര്‍ രോഗികളെ പരിശോധിക്കണം. അവര്‍ക്ക് ചികിത്സാ ക്രമങ്ങള്‍ നിര്‍ദേശിക്കണം. തുടര്‍ന്ന് നേരെ ഓടിയെത്തുന്നത് ആശുപത്രിയുടെ സമീപത്തായി ഒരുക്കിയിരിക്കുന്ന താത്കാലിക ഭക്ഷണ ശാലയിലേക്ക്.
ഭക്ഷണം കഴിക്കാനല്ല. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരുമൊത്ത് രോഗികള്‍ക്കായി ഉച്ചഭക്ഷണം തയാറാക്കാന്‍. സേവന സന്നദ്ധത കൊണ്ട് കേരളത്തിനു മാത്രമല്ല ഭാരതത്തിനു തന്നെ അഭിമാനമായി മാറിയ ആശുപത്രിയുടെ കഥയാണിത്.
പത്തനംതിട്ട ജില്ലയിലെ റാന്നി സര്‍ക്കാര്‍ ആശുപത്രി. കഴിഞ്ഞ ദിവസം കോവിഡ് -19ന്റെ ഭീതിയില്‍ റാന്നിയിലെ ഒട്ടു മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ റാന്നി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഉച്ചഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും തയാറാക്കിയത് ഈ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരും.
ഇതിനു ചുക്കാന്‍ പിടിച്ചത് ആശുപത്രി സൂപ്രണ്ട് ഡോ. ശംഭുവും. ഇറ്റലിയില്‍ നിന്നു വന്ന റാന്നി സ്വദേശികളായ മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് റാന്നിക്കാര് ഭീതിയിലായത്.
ഇവര്‍ റാന്നിയിലെ പല സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തിയെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം റാന്നിയിലെ ആളുകള്‍ ഭീതിയിലായി പലസ്ഥാപനങ്ങളും തുറക്കാതിരുന്നത്.
ഇതേത്തുടര്‍ന്നായിരുന്നു ആശുപത്രി ജീവനക്കാര്‍ കുറച്ചു സമയത്തേയ്ക്ക് പാചകക്കാര്‍ കൂടി ആയി മാറിയത്.
ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറും ഇടുക്കി അണക്കര സ്വദേശിയുമായ അജിമോന് ആണ് ഭക്ഷണം ഉണ്ടാക്കുന്ന കാര്യം ആശുപത്രി സൂപ്രണ്ടിനോട് പറഞ്ഞത്. സൂപ്രണ്ട് നൂറു ശതമാനം സമ്മതം പറഞ്ഞതോടെ പിന്നെ എല്ലാം അതി വേഗത്തിലായി.
പച്ചക്കപ്പയും അരിയും പച്ചക്കറിയുമെല്ലം വാങ്ങി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമീപവാസികളായ ചിലരുടെ വീടുകളില്‍ നിന്നും പാചകത്തിനായുള്ള പാത്രങ്ങളും സംഘടിപ്പിച്ചു. തികയാത്തവ പുറത്തു നിന്നും വാടകയ്ക്കുമെടുത്തു.
108 ആംബുലന്‍സിന്റെ ഡ്രൈവര്‍ മുതല്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഈ ശ്രമത്തില്‍ പങ്കാളികളായെന്നതാണ് ഏറെ ശ്രദ്ധേയം.
കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കഞ്ഞിയും പയറും അച്ചാറുമെല്ലാം തയാറാക്കിയപ്പോള്‍ ആശുപത്രി ജീവനക്കാരും 40 തോളം വരുന്ന രോഗികളും അവരുടെ കൂടെയിരിപ്പുകാരും ഭക്ഷണത്തിനായി അലയേണ്ടി വന്നില്ല.
കൊറോണ പരിശോധനയുടെ ഭാഗമായി ഐസാെലേഷന്‍ വാര്‍ഡില്‍ രോഗികള്‍ ഉണ്ടെന്നറിഞ്ഞതോടെ ഭക്ഷണം എത്തിക്കാന്‍ പോലും പലരും മടിച്ചു നിന്ന സമയത്താണ് നാടിനു തന്നെ മാതൃകയായി റാന്നിയിലെ ഈ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം.
റാന്നി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ സേവന സന്നദ്ധത ഇതിനു മുമ്പും ശ്രദ്ധിക്കപ്പെട്ടതാണ്.
കഴിഞ്ഞ മഹാ പ്രളയത്തില്‍ റാന്നിയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായപ്പോള്‍ രോഗികള്‍ക്കും അവരുടെ കൂട്ടിയിരിപ്പുകാര്‍ക്കും ദിവസങ്ങളോളം ഭക്ഷണം ഒരുക്കാന്‍ ഈ ആശുപത്രിയിലെ ജീവനക്കാര്‍ അന്നും തയാറായിരുന്നു.