കല്‍പ്പറ്റ: ഏതാനും ദിവസമായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭീകര കംപ്യൂട്ടര്‍ വൈറസ് ഒടുവില്‍ കേരളത്തിലുമെത്തി. ലോകമാകമാനം 150ലേറെ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ത്തു തരിപ്പണമാക്കിയതിനു ശേഷമാണ് ഈ റാന്‍സംവെയര്‍ വൈറസ് കേരളത്തിലെത്തിയത്. വയനാട് തരിയോട് പഞ്ചായത്തിലെ കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്. ഓഫിസിലെ നാല് കംപ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്. കംപ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിന് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നു രാവിലെ ഓഫിസ് കംപ്യൂട്ടര്‍ തുറന്നപ്പോഴാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയത്. മറ്റു കംപ്യൂട്ടറുകളില്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് സൂചന.
വാനാ ക്രൈ എന്ന റാന്‍സംവയറാണ് ആക്രമണം നടത്തിയത്. പണം അടച്ചില്ലെങ്കില്‍ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ നശിപ്പിക്കുമെന്ന സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതുവരെ വലിയ ആക്രമണം നടക്കാതിരുന്ന ഏഷ്യ ആയിരിക്കാം അടുത്ത ലക്ഷ്യമെന്ന് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണം. ഏഷ്യന്‍ മേഖലയില്‍ തിരക്കുള്ള ദിവസമായതിനാലാണ് അക്രമികള്‍ തിങ്കളാഴ്ച തിരഞ്ഞെടുത്തതെന്നും സൂചനയുണ്ട്.
രണ്ടു ലക്ഷം കംപ്യൂട്ടറുകളെ ഇതിനോടകം സൈബര്‍ ആക്രമണം ബാധിച്ചു കഴിഞ്ഞു. കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വെയറാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വികസിപ്പിച്ചെടുത്ത ‘എറ്റേണല്‍ ബ്ലൂ’ എന്ന സൈബര്‍ ആയുധങ്ങള്‍ തട്ടിയെടുത്താണ് ആക്രമണം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെയാണ് അക്രമണത്തിനിരയാക്കുന്നത്.
ലോക വ്യാപകമായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഐടി മിഷന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സൈബര്‍ ആക്രമണത്തിനു പിന്നാലെ ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പു നല്കി. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എടിഎമ്മുകള്‍ അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. സോഫ്റ്റ്വെയര് അപ്ഡേഷനുമാത്രമേ എടിഎമ്മുകള്‍ തുറക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 150 രാജ്യങ്ങളും രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ വാനാെ്രെക ആക്രമണത്തിനിരയായത്. വാനാെ്രെക റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാെ്രെക 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചുതുടങ്ങിയിരുന്നു.
വാനാക്രൈയുടെ ആദ്യ പതിപ്പും പലയിടത്തും ഉപയോഗിക്കുന്നുണ്ട്. സ്ഥിതി അതീവ ഗുരുതരമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി) കഴിഞ്ഞ ദിവസം വിലയിരുത്തിയത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ കേരളത്തില്‍ അക്രമണ ഭീഷണി കുറവാണെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം കേരളത്തിലാകെ ആശങ്ക വര്ധിപ്പിച്ചിരി്ക്കുകയാണ്. നേരത്തെ ശനിയാഴ്ചയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 150 രാജ്യങ്ങളിലെ 1,25,000 കമ്പ്യൂട്ടറുകള്‍ ഇരയായിരുന്നു. രണ്ടുലക്ഷംപേര്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി യൂറോപ്യന്‍ യൂണിയന്റെ പൊലീസ് ഏജന്‍സിയായ യൂറോപോള്‍ ഡയറക്ടര്‍ റോബ് വെയിന്‍ റൈറ്റ് വ്യക്തമാക്കിയിരുന്നു. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം എത്രയും വേഗം അപ്ഡേറ്റു ചെയ്യണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.