റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ ഒരൊട്ട പാട്ട് രാണു മൊണ്ടലിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. 1972ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഷോറില്‍ ലത മങ്കേഷ്‌കര്‍ പാടിയ അനശ്വര ഗാനമായ ‘എക് പ്യാര്‍ കാ നഗ് മാ ഹേ’ ആണ് മൊണ്ടല്‍ അന്ന് ട്രെയിനില്‍ വച്ച് ആലപിച്ചതും ലോകമെമ്പാടുമുള്ള ജനങ്ങള്‍ കണ്ടതും. ഇപ്പോള്‍ ഈ കലാകാരിയുടെ സ്വപ്‌നസാക്ഷാത്കാരത്തിനു കലാലോകത്തിന്റെ കൈത്താങ്ങ്.
പശ്ചിമ ബംഗാളിലെ രണാഘട്ടിലെ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുമ്പോള്‍ തന്നെ തേടി ഒരു സ്വപ്നനിമിഷം കാത്തിരിക്കുന്നുണ്ടെന്നു രണു വിചാരിച്ചു കാണില്ല. ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവെക്കുകയാണ് ഈ ഗായിക. പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രേഷമ്യയ്‌ക്കൊപ്പം സ്റ്റുഡിയോയില്‍ രാണു പാടുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോ പുറത്തു വന്നതോടെ ഹിമേഷിനു നന്ദി പറയുകയാണ് ആളുകള്‍ ഇപ്പോള്‍.