റെയില്‍വേ പ്ലാറ്റ്ഫോമിലെ പാട്ടുകാരിയില്‍ നിന്നും ലോകം അറിയുന്ന ഗായികയായി മാറിയ റാണു മൊണ്ടല്‍ തന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുകയാണ് ഇപ്പോള്‍. എല്ലാരും കരുതുന്നതുപോലെ തെരുവിലല്ല, നല്ല നിലയില്‍ ജീവിച്ചിരുന്ന കുടുംബത്തില്‍തന്നെയാണു താന്‍ ജനിച്ചതെന്നും വിധിയാണു തന്നെ തെരുവിലെത്തിച്ചതെന്നും റാണു പറയുന്നു.
ബോളിവുഡ് താരം ഫിറോസ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ചും വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.”തെരുവിലല്ല ഞാന്‍ ജനിച്ചത്. നല്ല നിലയിലുള്ള കുടുംബത്തില്‍ തന്നെയായിരുന്നു. പക്ഷേ ഇതെന്റെ വിധിയാണ്. ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഞാന്‍ മാതാപിതാക്കളില്‍നിന്നു വേര്‍പിരിഞ്ഞത്. വിവാഹശേഷമാണു ഞങ്ങള്‍ പശ്ചിമ ബംഗാളില്‍നിന്നു മുംബൈയിലേക്കു മാറിയത്.” റാണു പറഞ്ഞു.നടന് ഫിറോസ് ഖാന്റെ വീട്ടില്‍ തന്റെ ഭര്‍ത്താവ് പാചകക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നും റാണു വെളിപ്പെടുത്തി. ഫിറോസ് ഖാന്റെ മകന് ഫര്‍ദീന്‍ അന്നു കോളജ് വിദ്യാര്‍ഥിയാണ്. അവര്‍ ഞങ്ങളെ കുടുംബാംഗങ്ങളെപ്പോലെയാണു പരിഗണിച്ചിരുന്നത്.
ഞങ്ങള്‍ക്കൊരു വീടുണ്ടായിരുന്നു. എന്നാല്‍, ആരും നോക്കാനില്ലാതെ അതു നശിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും എപ്പോഴും ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണു ഞാന്‍ പാടിയിരുന്നത്. പാടാന്‍ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പാടാനുള്ള ഇഷ്ടംകൊണ്ടു മാത്രം പാടി. റാണു പറഞ്ഞു. ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. റെക്കോഡിംഗിനായി വീട്ടില്‍നിന്നു മുംബൈയിലേക്കു പോയി വരുന്നതു ബുദ്ധിമുട്ടായതിനാല്‍ മുംബൈയില്‍ ഒരു വീട് വേണമെന്നാണു റാണുവിന്റെ ആഗ്രഹം. ഒരു യാത്രക്കാരന് റെക്കോഡ് ചെയ്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെയാണു റാണുവിന്റെ പാട്ട് പ്രശസ്തമായത്. ഇതു വൈറലായതോടെ റാണുവിനു സിനിമയിലേക്കും വഴി തെളിഞ്ഞു. ഹിമേഷ് രേഷമ്യയുടെ ചിത്രത്തിലൂടെയാണ് റാണു ബോളിവുഡ് പിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.