കൊച്ചി: സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന രീതിയിലാണ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ നക്സല്‍ സ്വാധീന മേഖലയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ തലവന്‍ മകവാരപാളയം സീതണ്ണ അഗ്രഹാരത്തില്‍ പല്ലശ്രീനിവാസ റാവു (26) വിനെ എറണാകുളം റൂറല്‍ പോലീസ് അതിസാഹസികമായി പിടികൂടിയത്.
മകവാര പാളയത്തില്‍ ടാക്സി ഓടിക്കുന്ന ഇയാള്‍ക്ക് ആദിവാസി മേഖലയുമായി അടുത്തബന്ധമുണ്ട്. ഇയാളെ പിടികൂടാനായി പോലീസ് മൂന്നു ദിവസമായി സ്ഥലത്ത് ക്യാമ്പ് ചെയ്ത് കാത്തിരിക്കുകയായിരുന്നു.
പോലീസ് സംഘത്തില്‍ ഒരാള്‍ കഞ്ചാവ് വാങ്ങാനെന്നു പറഞ്ഞ് ശ്രീനിവാസ റാവുവിനെ സമീപിച്ചു.
വിലപറഞ്ഞ് സാമ്പിളുമായെത്തുമ്പോഴേക്കും പന്തികേട് മനസിലായ റാവു ഓടി രക്ഷപെടാന്‍ ശ്രമിച്ചു.
ഇത് മുന്നില്‍ കണ്ട് നേരത്തെ തന്നെ നാല് വശത്തും പോലീസ് ഉദ്യോഗസ്ഥരെ നിര്‍ത്തിയിരുന്നു. ഓടാന്‍ ശ്രമിച്ച റാവുവിനെ സിനിമ സ്റ്റൈലില്‍ പൂട്ടിയാണ് അഴിക്കുള്ളിലാക്കിയത്.
റാവു ചെറിയ മീനല്ല!
സാമ്പിള്‍ കാണിച്ച് വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹൈവേയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉള്‍വനത്തിലേക്ക് പോവുകയാണ് ഇയാള്‍ ചെയ്യുന്നത്.
മണിക്കൂറുകള്‍ക്ക് ശേഷം പായ്ക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിലത്തി കൈമാറുകയാണ് പതിവ്.
ഇത്തരത്തില്‍ ആയിരം കിലോയിലേറെ കഞ്ചാവ് കേരളത്തിലെത്തിക്കാന്‍ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ രണ്ട് ആഡംബരക്കാറുകളില്‍ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് പിടികൂടിയ സംഭവത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
കഞ്ചാവ് കടത്ത് നടത്തുന്ന സംഘത്തിന്റെ വേരറുക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ കഞ്ചാവ് ശേഖരങ്ങള്‍ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതിര്‍ത്തീ മേഖലകൾ കഞ്ചാവ് കടത്തിന്റെ ഉറവിടം
ഉത്തര ആന്ധ്രയുടെ അതിര്‍ത്തിയിലെ ആദിവാസി മേഖലകളാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ ഉറവിടം. തദേശവാസികളായ ചിലരുടെ ഒത്താശയും കഞ്ചാവ് കടത്ത് സംഘത്തിന് ലഭിക്കുന്നുണ്ട്.
തന്മൂലം ഇവരെ പിടികൂടുക എന്നത് വളരെ ദുഷ്കരമാണ്. അന്വേഷണ സംഘത്തിന് നേരെ പലപ്പോഴും ആക്രമണങ്ങളും നടന്നിട്ടുണ്ട്.
ഇയാളെ പിടികൂടാന്‍ സാധിച്ചതിലൂടെ കേരളത്തിലെ കഞ്ചാവ് ശ്രംഖല തകര്‍ക്കാന്‍ കഴിയുമെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും അന്വേഷണസംഘത്തലവന്‍ കെ. കാര്‍ത്തിക് പറഞ്ഞു.
നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. അശ്വകുമാര്‍, സിഐ എം. സുരേന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍ ടി.എം. സുഫി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോണി അഗസ്റ്റിന്, പി.എസ്. ജീമോന്‍, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.