കടുത്തുരുത്തി: ഭർത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിനെ പോലീസ് മർദിച്ചതായി പരാതി.
എന്നാൽ ഇവരുടെ പരാതിക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് പോലീസ്. യുവതിയും ഭർത്താവും കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെയാണ് പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിയത്.
ഭർത്താവ് ജോലി ചെയ്യുന്ന പച്ചക്കറി കടയുടെ ഉടമയ്ക്കെതിരേയാണ് കുറുപ്പന്തറ സ്വദേശിയായ യുവതിയും ഭർത്താവും പരാതിയുമായെത്തിയത്.
ഭർത്താവുമായി സൗഹൃദത്തിലായിരുന്നഇയാൾ ഭർത്താവില്ലാത്ത സമയം വീട്ടിലെത്തി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്ന പരാതിയുമായി വീണ്ടും കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം.
തുടർന്ന് യുവതി വനിതാകമ്മീഷനിലും എഎസ്പിക്കും പരാതി നൽകി. പരാതിയെത്തുടർന്ന് മൊഴിയെടുത്ത എഎസ്പി കടുത്തുരുത്തി സിഐക്ക് പരാതി കൈമാറി.
തുടർന്ന് മൊഴി കൊടുക്കുന്നതിനായി കടുത്തുരുത്തി എസ്ഐയുടെ മുന്നിലെത്തിയപ്പോഴാണ് മർദിച്ചതെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. എന്നാൽ ഇവരുടെ പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കടുത്തുരുത്തി എസ്എച്ച്ഒ പി.കെ. ശിവൻകുട്ടി പറഞ്ഞു.
പരാതിയിൽ പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പോലീസിനെതിരേ കൊടുത്തിരിക്കുന്ന പരാതിക്കു പിന്നിൽ അടുത്ത കാലത്തുണ്ടായ പോലീസിന്റെ നടപടിയിൽ പ്രകോപിതരായ ചിലരാണെന്നും അദേഹം പറഞ്ഞു.