ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ മൂന്നര വയസുകാരിയായ നഴ്സറി വിദ്യാർഥിനിയെ സ്കൂൾ ബസ് ഡ്രൈവർ ലൈംഗീക പീഡനത്തിനിരയാക്കി.
ബസിലെ വനിത അറ്റൻഡറുടെ സാന്നിദ്ധ്യത്തിലായിരുന്നു പീഡനം.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഡ്രൈവറെയും അറ്റൻഡറെയും പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ പ്രമുഖ സ്വകാര്യസ്കൂളിലെ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ അധികൃതർ സംഭവം ആദ്യം മൂടിവയ്ക്കാൻ ശ്രമം നടത്തി.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ പങ്ക് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു.
സ്കൂളിൽനിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് കുട്ടി പീഡനത്തിന് ഇരയായത്. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു.
ബാഗിൽ സൂക്ഷിച്ചിരുന്ന ഉടുപ്പ് ധരിച്ചാണ് കുട്ടി എത്തിയത്. കുട്ടിയുടെ വസ്ത്രം മാറ്റിയത് ആരാണെന്നും എന്തിനാണെന്നും അമ്മ ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും അന്വേഷിച്ചെങ്കിലും വസ്ത്രം മാറ്റിയില്ലെന്ന് അവർ അറിയിച്ചു.
കുട്ടി പിന്നീട് തന്റെ ലൈംഗീക അവയവങ്ങളിൽ വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു. ഉടൻ മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.
ബസ് ഡ്രൈവർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും വസ്ത്രം മാറുകയും ചെയ്തുവെന്ന് കുട്ടി അറിയിച്ചു.
രക്ഷിതാക്കൾ അടുത്ത ദിവസം സ്കൂളിലെത്തി അധികൃതരോട് പരാതിപ്പെട്ടു. കുട്ടി ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തു.
പെൺകുട്ടിയുടെ മാതാപിതാക്കൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) നിധി സക്സേന പറഞ്ഞു.