തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ അമ്മയ്ക്കും മുത്തശിക്കും പങ്കുണ്ടെന്ന് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി.
ഒന്നര വർഷത്തോളം പെണ്‍കുട്ടി തുടർച്ചയായി ക്രൂരപീഡനത്തിനിരയായത് ഇവരുടെ അറിവോടെയായിരുന്നതിനാൽ ഇരുവർക്കുമെതിരേ കേസെടുക്കാൻ കമ്മിറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പൊലീസിനു നിർദേശം നൽകി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേർ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2020-ൽ അമ്മയുടെ നേതൃത്വത്തിൽ രാജാക്കാട് സ്വദേശിക്ക് വിവാഹം കഴിച്ചു നൽകിയിരുന്നു. അന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ ഇവർക്കെതിരേ വെള്ളത്തൂവൽ പോലീസ് കേസെടുത്തിരുന്നു. അച്ഛനില്ലാത്ത പെണ്‍കുട്ടി ഒന്‍പതാം ക്ലാസിൽ പഠനം നിർത്തിയതു മുതൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരുന്നു.
2019ൽ കുട്ടിയെ തയ്യൽ പഠിക്കാനെന്ന പേരിൽ തമിഴ്നാട്ടിലെ ബന്ധുവിന്റെ അടുത്തേയ്ക്ക് അയയ്ക്കാൻ അമ്മ ശ്രമിച്ചപ്പോഴും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടാണ് തടഞ്ഞത്.
ഇതിനു ശേഷമായിരുന്നു വിവാഹം നടത്താൻ ശ്രമിച്ചത്. പിന്നീടാണ് ജോലി വാങ്ങിത്തരാമെന്നുപറഞ്ഞു കുമാരമംഗലം സ്വദേശി ബേബി എന്ന് വിളിക്കുന്ന രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്.
ഇതു വിശ്വസിച്ചാണ് പെണ്‍കുട്ടി രഘുവിനൊപ്പം കുറിഞ്ഞി മണിയാടുംപാറ സ്വദേശി തങ്കച്ചനെ പരിചയപ്പെടാനെത്തിയത്. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.
തുടർന്ന് വൻ തുക വാങ്ങി പെണ്‍കുട്ടിയെ മറ്റുള്ളവരുടെ അടുത്ത് എത്തിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പു വരെ പീഡനം തുടർന്നു.
രഘുവിൽനിന്ന് അമ്മയും മുത്തശിയും പണം കൈപ്പറ്റിയതായും ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് വിവരം ലഭിച്ചിരുന്നു.
പെണ്‍കുട്ടി ഗർഭിണിയായ വിവരവും ഇരുവരും മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയിൽ കാണിക്കാൻ തയാറായത്.
പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായെന്നാണ് ഇവർ ഡോക്ടറോട് പറഞ്ഞതെങ്കിലും ഇതു കളവാണെന്ന് വ്യക്തമായി.
പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.