തിരൂരങ്ങാടി: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ കുട്ടിയുടെ പിതാവിന്റെ മൊബൈൽ ഫോണ് വിവരങ്ങൾ ശേഖരിക്കാൻ പോലീസ് നടപടി തുടങ്ങി. കുട്ടിയുടെ മൊഴിപ്രകാരം കൂടുതൽ പേർ പീഡിപ്പിച്ചതായാണ് വിവരം. സ്ഥിരമായി മദ്യപിക്കുന്ന പിതാവിനൊപ്പം എത്തിയിരുന്നവരാണ് കുട്ടി താമസിക്കുന്ന സ്ഥലത്തു വച്ചു പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവുമായി അടുത്ത സന്പർക്കമുള്ളവരെയും പോലീസ് ചോദ്യം ചെയ്യും.
അഞ്ചാംക്ലാസിൽ പഠിക്കുന്ന സമയത്തു മുതൽ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് മൊഴിയുള്ളത്. ഇതേക്കുറിച്ചു മജിസ്ട്രേട്ടിനു മുന്പാകെയും ചൈൽഡ് ലൈനിലും ബാലിക മൊഴി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു മേലേ ചേളാരി കുടൽകുഴിമാട് വീട്ടിൽ അഷ്റഫ് (36), ചെനയ്ക്കലങ്ങാടി കരുന്പിൽ ഷൈജു (38)നെയും കുട്ടിയുടെ പിതാവിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
വിദ്യാർഥിയിൽ നിന്നു സ്കൂളിലെ അധ്യാപകർ വിവരമറിഞ്ഞു ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കേസ് തിരൂരങ്ങാടി എസ്എച്ച്ഒ കെ. മുഹമ്മദ് റഫീഖ് ആണ് അന്വേഷിക്കുന്നത്. അടുത്തദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു.