ഗുരുവായൂര്‍: പീഡനക്കേസില്‍ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഏലൂര്‍ ജ്യോതിഷില്‍ രഘുരാമനെ(39)യാണ് ഗുരുവായൂര്‍ സി.ഐ ഇ. ബാലകൃഷ്ണന്‍ ഇന്നലെ വൈകിട്ട് തൃശൂര്‍ ശക്തന്‍ സ്റ്റാന്റ് പരിസരത്തുനിന്ന് അറസ്റ്റുചെയ്തത്.
2015മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂര്‍ നഗരസഭയില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിയിരുന്നു. തുടര്‍ന്ന് നവംബര്‍ 28നാണ് ഗുരുവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞമാസം 23ന് സെക്രട്ടറിക്ക്് ഗുരുവായൂരില്‍ നിന്ന് കോട്ടയത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതിനല്‍കുമെന്ന് ഭീഷണിപ്പെടുത്തി താമരയൂരില്‍ താമസിച്ചിരുന്ന കുന്നംകുളം സ്വദേശി കക്കാട് കരിപ്പോട്ടില്‍ വിനോദ് (48) രഘുരാമനില്‍നിന്ന് 3.90 ലക്ഷംരൂപ തട്ടിയെടുത്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി രഘുരാമന്‍ ടെമ്പിള്‍പോലീസില്‍ പരാതിയും നല്‍കി. ഇൗകേസില്‍ വിനോദിനെ കഴിഞ്ഞമാസം 29ന് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഘുരാമന്റെ പരാതിക്കുശേഷമാണ് പെണ്‍കുട്ടി പീഡനക്കേസ് നല്‍കിയത്. രഘുരാമനെ കോടതിയില്‍ ഹാജരാക്കി.