ഇരിട്ടി: പേരട്ട തൊട്ടില് പാലത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി എഴുപതുകാരന് തൊട്ടില് പാലം സ്വദേശി ചേറൂര് അബ്ദു (70) കോടതിയില്‍ കീഴടങ്ങി. ഇന്നലെ ഉച്ചയോടെ തലശേരി സെഷന്‍സ് കോടതിയില്‍ എത്തിയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഒരാഴ്ച മുന്‍പായിരുന്നു മാക്കൂട്ടം എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ അബ്ദു ഇതേ എസ്റ്റേറ്റില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആറുവയസുകാരി പെണ്‍കുട്ടിയെ സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകവേ ലൈംഗിക പീഡനത്തിനിരയാക്കുന്നത്. സ്ഥിരം കുട്ടിയെ കൂട്ടിക്കൊണ്ടു പോകാറുള്ള രക്ഷിതാക്കളെ കാത്തു നില്ക്കുന്നതിനിടയില് ഒരു കടയുടെ പിന്നിലേക്ക് കൊണ്ടുപോയി ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു.
വീട്ടിലെത്തി അസ്വസ്ഥ്ത പ്രകടിപ്പിക്കുകയും പനിയെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്ത കുട്ടി അമ്മൂമ്മയോടു സംഭവം പറഞ്ഞു. ചൈല്‍ഡ് ലൈനില്‍ കിട്ടിയപരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഉളിക്കല്‍ പോലീസിനോട് ആവശ്യപ്പെടുകയും പോലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
സംഭവം മനസ്സിലാക്കിയ പ്രതി നാട്ടില്‍ നിന്നും മുങ്ങി. ഇതിനെതിരെ ബി ജെപി യുടെയും മഹിളാ മോർച്ചയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.