തൊടുപുഴ: പതിനഞ്ചു വയസുകാരിയായ വളര്‍ത്തു മകളെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനു ജീവപര്യന്തം തടവും പിഴയും ശിക്ഷ. കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശിയെയായണ് ബാലലൈംഗികപീഡന നിരോധന നിയമ പ്രകാരം (പോക്സോ) ജില്ലാ സ്പഷല് സെഷന്‍സ് കോടതി ജഡ്ജി കെ.ആര്. മധുകുമാര്‍ ശിക്ഷിച്ചത്. 2015 മാര്‍ച്ച് 28 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലുള്ളതാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ വീട്ടിലറിയിക്കാതെ രണ്ടാനച്ഛനായ പ്രതി 11 ഓടെ ഹോസ്റ്റലില്‍ എത്തി വാര്‍ഡനോട് പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ചു എന്നു നുണപറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിടണം എന്നാവശ്യപ്പെട്ടു.
തുടര്‍ന്നു കുട്ടിയെയും കൂട്ടി ഓട്ടോറിക്ഷയില്‍ വാളറ വനമേഖലയില്‍ എത്തി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതിയില്‍നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് പിടികുടി വീണ്ടും ലൈംഗികാതിക്രമം നടത്തിയശേഷം ആസിഡ് മുഖത്തേക്കൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രതിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വനമേഖലയിലെ ഒരു വീട്ടില്‍ കുട്ടി അഭയം തേടുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരു വര്‍ഷത്തിനു ശേഷമാണ് അടിമാലി പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത വളര്‍ത്തു മകളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പ്രതിയുടെ കുറ്റകൃത്യം യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും നിയമപ്രകാരമുള്ള കഠിന ശിക്ഷക്കു പ്രതി അര്‍ഹനാണെന്നുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ച കോടതി ജീവപര്യന്തവും പിഴയും വിധിക്കുകയായിരുന്നു.
സംസ്ഥാനത്ത് 2012 ലെ പോക്സോ നിയമ പ്രകാരം ഉള്ള കോടതി സ്ഥാപിതമായതിനു ശേഷം ഈ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷയായ ജീവപര്യന്തം കഠിനതടവ് ശിക്ഷിക്കുന്നത് ആദ്യമായിട്ടാണ്. ആസിഡ് ആക്രമണത്തിന് അഞ്ചുവര്‍ഷം കഠിനതടവും ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മൂന്നുവര്‍ഷം കഠിന തടവിനും ശിക്ഷിച്ചിച്ചുണ്ട്. ജീവപര്യന്തം ശിക്ഷയുള്ളതിനാല്‍ ശിക്ഷയുടെ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴ സംഖ്യയായ 23,000 രൂപ അടച്ചില്ലെങ്കില്‍ ഒമ്പതുമാസം കൂടി കഠിനതടവ് വേറെ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. അടിമാലി പോലീസ് സബ്ഇന്‍സ്പക്ടര്‍ ഇ.കെ. സോള്‍ജിമോന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ സജി മര്‍ക്കോസ്, ജെ. കുര്യാക്കോസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ. സന്തോഷ് തേവര്‍കുന്നേല്‍ ഹാജരായി.