ഇരിട്ടി: പ്രായപൂർത്തിയാകാത്ത നാലു വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഇരിട്ടിക്കടുത്ത് വിളക്കോട് ചാക്കാടിലെ മദ്രസ അധ്യാപകൻ വയനാട് വെള്ളമുണ്ട തരുവണ ചക്കരപ്പാൽ ഹൗസിൽ മുഹമ്മദ് റാഫി (26) യെ ആണ് മുഴക്കുന്ന് എസ്ഐ രവിന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഞായറാഴ്ച മതപഠനത്തിനായി ചാക്കാട് മദ്രസയിലെത്തിയ പത്ത് വയസിൽ താഴെയുള്ള നാലു പെൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി.സംഭവം കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോടു പറയുകയും പിന്നീട് രക്ഷിതാക്കളും കുട്ടികളും മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
കണ്ണൂർ വനിതാ സിഐ, ഇരിട്ടി ഡിവൈഎസ്പി, മുഴക്കുന്ന് എസ്ഐ രവീന്ദ്രൻ എന്നിവർ വിദ്യാർഥിനികളിൽ നിന്നു മൊഴിയെടുക്കുകയും തുടർന്നു നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം മുഹമ്മദ് റാഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇന്നു രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മാസം മുമ്പാണ് മുഹമ്മദ് റാഫി ചാക്കാട് മദ്രസയിൽ അധ്യാപകനായി എത്തിയത്.