കൽപ്പറ്റ: വയനാട്ടിലെ പ്രശസ്ത യത്തീംഖാനയിലെ അന്തേവാസികളായ ഏഴ് ബാലികമാരെ പീഡിപ്പിച്ച കേസിലെ പ്രതികളെ തുറന്നുകാട്ടുന്നതിൽ ജില്ലാ പോലീസിനു വിമുഖത. കേസിൽ റിമാൻഡിലുള്ള മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ആറ് പ്രതികളെ സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്താൻ മടിക്കുകയാണ് പോലീസ്.
പോസ്കോ കോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടന്നതിനുശേഷമേ പ്രതികളെക്കുറിച്ചുള്ള വിവരം മാധ്യമങ്ങൾക്ക് നൽകൂ എന്ന നിലപാടിലാണ് സേനാ മേധാവികൾ. പരേഡിനു മുൻപ് പ്രതികളുടെ പേരുവിവരം പരസ്യമാകുന്നത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നാണ് അവരുടെ പക്ഷം. അതേസമയം, തിരിച്ചറിയൽ പരേഡ് എന്നു നടത്തുമെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. പരേഡ് തിങ്കളാഴ്ച നടന്നേക്കാമെന്നാണ് ജില്ലാ പോലീസിലെ ഉന്നതരിൽ ഒരാൾ പറഞ്ഞത്.
കൽപ്പറ്റ സിഐയുടെ നേതൃത്വത്തിലാണ് പീഡനക്കേസ് അന്വേഷണം. തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇദ്ദേഹം ദിവസങ്ങൾക്കു മുന്‍പ് സമർപ്പിച്ചതാണ്. എങ്കിലും ഇരകളെയും പ്രതികളെയും പരേഡിന് എവിടെ, എപ്പോൾ ഹാജരാക്കണമെന്നതു സംബന്ധിച്ച് കോടതി നിർദേശം പോലീസിനു ലഭിച്ചിട്ടില്ല. ഇരകൾ കുട്ടികളായതിനാൽ പോലീസ് സ്റ്റേഷനിലും ജയിലിലും പരേഡ് നടത്തുന്നതിനു നിയമതടസമുണ്ട്. അതിനാൽത്തന്നെ പരേഡ് ജഡ്ജിയുടെ ചേംബറിൽ നടത്താനാണ് സാധ്യതയെന്നു നിയമവിദഗ്ധർ പറയുന്നു. കുറ്റാരോപിതരെ മറ്റുള്ളവർക്കിടയിൽ നിർത്തിയാണ് തിരിച്ചറിയൽ പരേഡ്.
ജില്ലയ്ക്ക് അകത്തും പുറത്തും നടന്ന ഇതര പീഡനക്കേസുകളിലെ പ്രതികളെ സംബന്ധിച്ച വിവരം അറസ്റ്റിനു തൊട്ടുപിന്നാലെ വെളിപ്പെടുത്തിയ പോലീസ് യത്തീംഖാന പീഡനക്കേസിലെ പ്രതികളുടെ പേരും വിലാസവും ഗോപ്യമായി വയ്ക്കുന്നതിനു പിന്നിൽ ഉന്നത ഇടപെടലുകളാണെന്ന ആരോപണം ശക്തമാണ്. വിവാദമായതടക്കം മറ്റു പീഡനക്കേസുകൾ കൈകാര്യം ചെയ്തപ്പോഴത്തെ ശൗര്യവും ആവേശവും യത്തീംഖാന പീഡനക്കേസിൽ പോലീസ് കാട്ടുന്നില്ലെന്ന് അടക്കം പറയുന്നവർ നിരവധിയാണ്. പേരാവൂർ പോലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റയിലും സമീപങ്ങളിലും കലിതുള്ളിയ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും യത്തീംഖാന സംഭവത്തിൽ പത്തിയുയർത്താൻ ധൈര്യപ്പെടുന്നില്ല.
യത്തീംഖാനയിൽ താമസിച്ചുപഠിച്ചിരുന്ന ഏഴ് പെണ്‍കുട്ടിളെ വ്യാപാരിയടക്കം ആറു പേർ മാസങ്ങളോളമാണ് നിരന്തരം പീഡിപ്പിച്ചത്. പ്രതികളിൽ ചിലർ പേരെടുത്ത കുടുംബാംഗങ്ങളും സ്വദേശത്ത് ഉത്തമരായി ചമഞ്ഞിരുന്നവരുമാണ്. കൗണ്‍സലിംഗിനു വിധേയരാക്കി ശാസ്ത്രീയമായി ചോദ്യംചെയ്തപ്പോഴാണ് 14 വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ബലാത്സംഗക്കുറ്റത്തിനും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും 11 കേസുകളാണ് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഹോസ്റ്റലിനു സമീപം പ്രതികളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ പിൻവശത്തെ താത്കാലിക പുരയിൽ എത്തിച്ചാണ് കുട്ടികളെ പീഡിപ്പിച്ചുവന്നിരുന്നത്. മിഠായിയും മധുരപലഹാരങ്ങളും നൽകിയാണ് വിദ്യാർഥിനികളെ വലയിലാക്കിയത്. 2016 ഡിസംബർ മുതൽ നിരവധി തവണയാണ് പ്രതികൾ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്. എട്ട്, ഒന്‍പത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ നീലച്ചിത്രങ്ങൾ കാണിച്ചിരുന്ന പ്രതികൾ പീഡനദൃശ്യങ്ങൾ പകർത്തുകയുമുണ്ടായി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനും ഇവർ മടിച്ചില്ല.
വിദ്യാർഥിനികൾ പഠിക്കുന്ന സ്കൂളിലേക്ക് യത്തീംഖാനയിൽനിന്ന് ഏകദേശം 500 മീറ്റർ ദൂരമുണ്ട്. സ്കൂളിന്റെ മുൻവശത്ത് പ്രധാന കവാടത്തിന് എതിർവശത്താണ് ഒരു പ്രതിയുടെ ഹോട്ടലും പലചരക്ക് കടയും ഉൾപ്പെടുന്ന കെട്ടിടം. ഹോസ്റ്റലിൽനിന്ന് സ്കൂളിലേക്ക് പോകുന്പോഴും മടങ്ങുന്പോഴുമാണ് വിദ്യാർഥിനികളെ കട ഉടമസ്ഥനും മറ്റു പ്രതികളും ചതിയിൽപ്പെടുത്തിയിരുന്നത്.
മാർച്ച് നാലിനു വൈകുന്നേരം 4.30ന് കുട്ടികളിൽ ഒരാൾ ഹോട്ടലിൽനിന്ന് ഇറങ്ങിവരുന്നത് വിദ്യാലയ ജീവനക്കാരിൽ ഒരാൾ കണ്ടതാണ് പീഡനവിവരം പുറത്തുവരുന്നതിന് ഇടയാക്കിയത്. ജീവനക്കാരൻ അറിയിച്ചതിനെത്തുടർന്ന് സ്കൂൾ അധികൃതർ പെണ്‍കുട്ടിയുമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
വയനാട്ടിൽ ആറംഗ സംഘത്തിന്റെ പീഡനത്തിന് ഇരകളായ വിദ്യാർഥിനികൾ താമസിക്കുന്ന സ്ഥാപനത്തിലെ മുഴുവൻ പെണ്‍കുട്ടികളെയും പുറമേനിന്നുള്ള വിദഗ്ധരുടെ കൗണ്‍സലിംഗിനു വിധേയമാക്കണമെന്ന് പി.കെ. ശ്രീമതി എംപി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇതിനുള്ള നീക്കത്തിനു ബന്ധപ്പെട്ടവർ തുടക്കമിട്ടിട്ടില്ല. വയനാട്ടിൽ വിദ്യാർഥിനികൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവം സമഗ്രമായി അന്വേഷിച്ച് മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ നിർത്തണമെന്ന് ആവശ്യപ്പട്ടിരുന്ന ഡിവൈഎഫ്ഐ ജില്ലാ ഘടകവും മൗനത്തിലാണ്.