ലാഹോർ: അന്ധയും ബധിരയുമായ യുവതിയെ പാക്കിസ്ഥാനിൽ സൈനികൻ ട്രെയിനിന്റെ ശുചിമുറിയിൽ പീഡനത്തിനിരയാക്കി. മൂന്നു കുട്ടികളുടെ അമ്മയാണ് ഓടുന്ന ട്രെയിനിൽ പീഡിപ്പിക്കപ്പെട്ടത്. കേസിലെ പ്രതി പഞ്ചാബ് റെജിമെന്റിൽ ശിപായിയായ സൈനികനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭർതൃസഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സൈനികനെതിരേ പീഡനക്കേസ് രജിസ്റ്റർ ചെയ്തു.
ശനിയാഴ്ച രാത്രി അക്ബർ ബുഗ്തി എക്സ്പ്രസിൽ ക്വറ്റയിൽനിന്നു ലാഹോറിലേക്കു പോകുകയായിരുന്നു യുവതി. സഹോദരിയും ഭർതൃസഹോദരനും ഇവർക്കൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതി ശുചിമുറിയിലേക്കു പോയപ്പോൾ പിന്നാലെയെത്തിയ സൈനികൻ ഇവരെ പീഡിപ്പിക്കുകയായിരുന്നെന്ന് ദി ഡോണ്‍ റിപ്പോർട്ട് ചെയ്തു.
പീഡനത്തിനുശേഷം സൈനികൻ ബോഗിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നാലെ വിവരം യുവതി സഹോദരിയോടു പറയുകയും ഇവർ റെയിൽ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസിന്റെ തെരച്ചിലിൽ ട്രെയിനിന്റെ മറ്റൊരു ബോഗിയിൽനിന്നു സൈനികനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സൈനികനെ പട്ടാള നിയമപ്രകാരം വിചാരണ ചെയ്യും.