ന്യൂഡൽഹി: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് 25 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടത്. ജനക്കൂട്ടത്തിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.
വ്യാഴാഴ്ച രാത്രി കടയിലേക്കു പലഹാരം വാങ്ങിക്കാൻ പോയ നാലുവയസുകാരിയെയാണ് ഗോലു എന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സഞ്ജയ് ലേക്കിലെ ഒഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയായിരുന്നു പീഡനശ്രമം. കുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ യുവാവ് കൂട്ടിക്കൊണ്ടുപോയെന്നു സമീപത്തെ കടക്കാരൻ അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തി.
രോഷാകുലരായ ജനക്കൂട്ടം ഗോലുവിനെ മർദിക്കുകയായിരുന്നു. കല്ലും വടിയും ഉപയോഗിച്ചുള്ള മർദനത്തിൽ ഗോലുവിന് ഗുരുതരമായി പരിക്കേൽക്കുകയും ബോധരഹിതനാകുകയും ചെയ്തു. പിന്നീട് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗോലുവിനെ മദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, മോഷണശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ മർദിച്ചുകൊലപ്പെടുത്തുയായിരുന്നെന്ന് ഗോലുവിന്റെ ബന്ധുക്കൾ ആരോപിച്ചു.