മാനന്തവാടി: പീഡനക്കേസിൽ വെറുതെ വിട്ട പ്രതിക്ക് പുനർവിചാരണയിൽ നാലരവർഷം തടവും രണ്ടരലക്ഷം രൂപ പിഴയും. നടവയൽ സ്വദേശിനിയായ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് പ്രതി പുൽപ്പള്ളി കൊളറാട്ട്കുന്ന് സ്വദേശി ക്ലബിൻ ചാക്കോ (29)യെ ശിക്ഷിച്ചത്.
2014 ലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും വിവാഹാഭ്യർഥന നിരസിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
ഈ സംഭവത്തിൽ കേണിച്ചിറ പോലീസ് 2014ൽ കേസെടുത്തെങ്കിലും 2015 മാർച്ച് 12ന് സ്പെഷൽ കോടതി ഇയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. വിധിക്കെതിരേ യുവതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
പുതിയ കേസായി കണക്കിലെടുത്ത് വിചാരണ നടത്താൻ ഹൈക്കോടതി സ്പഷൽ കോടതിക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി ഉണ്ടായത്. പഴയ തെളിവുകൾ തന്നെയാണ് പുതിയ കേസിലും കോടതി പരിഗണനയ് ക്ക് എടുത്തത്.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയുന്നതിനായുള്ള നിയമത്തിൽ 2016 ൽ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കിലും 2014 ലെ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത്. എസ്സിഎസ്ടി ആക്ട് സെക്ഷൻ മൂന്നു പ്രകാരവും സിആർപിസി 235 വകുപ്പ് പ്രകാരവും നാലു വർഷം തടവും രണ്ടു ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഈ തുക ഇരയ്ക്ക് നൽകാനും വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഐപിസി 506 വകുപ്പ് പ്രകാരം ആറു മാസം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.