മ
ട്ടന്നൂർ: വീട് നിർമിക്കാൻ പണംനൽകാമെന്ന് പറഞ്ഞ് യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ നാലുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ, കൂത്തുപറമ്പ് സ്വദേശികളായ നാലുപേരെയാണ് മട്ടന്നൂർ സിഐ എ.വി.ജോൺ, പ്രിൻസിപ്പൽ എസ്ഐ എ.വി.ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
വ്യാപാരിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരുമാണ് പിടിയിലായതെന്നാണ് സൂചന. മൂന്ന് മാസം മുമ്പാണ് പീഡനം നടന്നതെന്ന് തലശേരി സ്വദേശിനിയായ 30കാരിയുടെ പരാതിയിൽ പറയുന്നു. സ്വന്തമായി വീട് നിർമിക്കുന്നതിന് പള്ളിക്കമ്മിറ്റിയുടെ കത്തുമായി വീടുകളിൽ കയറി സഹായം ചോദിക്കുന്നതിനിടെയാണ് പ്രതികളുമായി യുവതി പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു.
വീട് നിർമിക്കാൻ പണം നൽകാമെന്ന് പറഞ്ഞ് നരയമ്പാറ, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലെ വീടുകളിലും റിസോർട്ടുകളിലും കൊണ്ടുപോയി നാലുപേരും പലതവണ പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.