കാട്ടാക്കട : പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. വീട്ടുകാർ സംഭവം അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാർ ഇക്കാര്യങ്ങൾ കാട്ടാക്കടസബ് ഇൻസ്പെക്ടറെയും ചൈൽഡ് ലൈൻ അധികൃതരെയും അറിയിക്കുകയായി രുന്നു.
വിദ്യാർഥിനി ഏഴു മാസം ഗർഭിണിയാണ്.പോലീസും ചൈൽഡ് ലൈൻ അധികാരികളും നടത്തിയ ചോദ്യം ചെയ്യലിൽ പീഡിപ്പിച്ച ആളിനെ പ്പറ്റി പറയാൻ പെണ്‍കുട്ടിയോ അമ്മയോ തയാറായിരുന്നില്ല.ഗർഭിണിയായ പെണ്‍കുട്ടിയെ മാതാപിതാക്കൾ ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയും തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്താനായി കൊണ്ടു പോവുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായതായി രക്ഷകർത്താക്കൾ അറിയിച്ചെങ്കിലും സംശയം തോന്നിയ ഡോക്ടർ ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചു. കാട്ടാക്കട എസ് ഐ പെണ്‍കുട്ടിയുടെ വീട്ടിൽഎത്തിയെങ്കിലും പോലീസ് എത്തുന്നതിന് തൊട്ട് മുൻപ് പിതാവ് അവിടെ നിന്നും കടന്നു കളഞ്ഞു. തുടർന്ന് പോലീസ് അമ്മയെയും പെൺകുട്ടിയെയും വനിതാ പോലീസിന്റെ സഹായത്തോടെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും പീഡിപ്പിച്ച ആളെക്കുറിച്ച് പറയാൻ ഇരുവരും തയാറായില്ല.
വീട്ടിൽ ഒറ്റക്കായിരുന്നപ്പോൾ മുഖം മൂടി ധരിച്ച ഒരാൾ എത്തി ബലമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല. പീഡനം നടന്ന് പെണ്‍കുട്ടി ഏഴു മാസം ഗർഭിണി ആയിട്ടും ഇക്കാര്യങ്ങൾ രഹസ്യമാക്കി വച്ചതും അതീവ രഹസ്യമായി ഗർഭചിദ്രം നടത്താൻ ശ്രമിച്ചതും പോലീസിനു സംശയം ജനിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിൽ പോയതും ദുരൂഹത ഉണർത്തി. പോലീസ് ചൈൽഡ് ലൈൻ അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ നിർദേശ പ്രകാരം കഴിഞ്ഞ ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെയും അമ്മയെയും തിരുവനന്തപുരം നിർഭയയിലേക്ക് മാറ്റിയതിനെത്തുടർന്നാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് തെളിഞ്ഞത്.