മുക്കം: മുക്കത്ത് മദ്രസാവിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയതായുള്ള പരാതിയിൽ പ്രതിയെ പിടികൂടാനായില്ല. സംഭവത്തിൽ പ്രതിക്ക് താമസസൗകര്യമൊരുക്കിക്കൊടുക്കുകയും പീഡനവിവരമറിഞ്ഞിട്ടും പരാതി നൽകാതിരിക്കുകയും ചെയ്തതായുള്ള പരാതിയിൽ മദ്രസാധ്യാപകനെതിരെ മുക്കം പോലീസ് കേസെടുത്തു.
കാരശേരി പഞ്ചായത്തിലെ സർക്കാർ പറന്പിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് വിദ്യാർഥിക്ക് ക്രൂരമായ പീഡനമേറ്റത്. വ ്യാഴാഴ്ച വൈകുന്നേരം കൊല്ലം സ്വദേശിയായ റാഷിദ് എന്ന് പരിചയപ്പെടുത്തി ഒരാൾ മദ്രസയിലെത്തിയിരുന്നു. തനിക്ക് ഇവിടെ ദർസിൽ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാൾ എത്തിയത്. എന്നാൽ രക്ഷിതാക്കൾ ഇല്ലാതെ ഇവിടെ ചേർക്കില്ലന്നു ഭാരവാഹികൾ അറിയിച്ചതോടെ സമയം വൈകിയതിനാൽ ആ ദിവസം അവിടെ തങ്ങാൻ അനുവദിക്കണം എന്ന് പറയുകയായിരുന്നു. ഇത് അനുവദിച്ച കമ്മറ്റി ഭാരവാഹികൾ അവിടെയുള്ള മറ്റു കുട്ടികളുടെ കൂടെ ഉറങ്ങാൻ ഇയാളെ അനുവദിച്ചു. പിറ്റേന്ന് ഉച്ചയോടെ ഇയാൾ പോകുകയും ചെയ്തുവെന്നാണ് മദ്രസാ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
എന്നാൽ കുട്ടി രാവിലെ മദ്രസയിൽ പീഡനം വിവരം അറിയിച്ചിട്ടും വേണ്ട ഗൗരവത്തിൽ എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വെള്ളിയാഴ്ച അവധിയായതിനാൽ കുട്ടി വീട്ടിൽ പോയപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്. കുട്ടിക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കൊളജിൽ പ്രവശിപ്പിച്ചപ്പോൾ ക്രൂരമായ പീഡനം നടന്ന വിവരം കുട്ടി ഡോക്ടറോട് പറയുകയായിരുന്നു. അതേസമയം, റാഷിദിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാൾ മുങ്ങിയതായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇയാൾ പറഞ്ഞ പേരും മേൽവിലാസവും സത്യമാണോ എന്നും സംശയമുണ്ട്. അതിനിടെ അപരിചിതനായ യുവാവിനെ മറ്റു കുട്ടികൾക്കൊപ്പം താമസിപ്പിച്ച മദ്രസാ ഭാരവാഹികൾക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.