ന്യൂഡല്‍ഹി: ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കിയശേഷം പരിശീലകന് മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി ഷൂട്ടിംഗ് താരം. ഇതുസംബന്ധിച്ച് ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ തലത്തില്‍ മത്സരിക്കുന്ന ഷൂട്ടിംഗ് താരമാണ് പരാതി നല്‍കിയിരിക്കുന്നത്.
തന്റെ ജന്മദിന ആഘോഷങ്ങള്‍ക്കിടെയാണു പരിശീലകന് മാനഭംഗപ്പെടുത്തിയെന്നു യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. മുമ്പ് തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇക്കാലത്ത് തന്നെ വിവാഹം ചെയ്യാമെന്ന് പരിശീലകന് വാക്കുനല്കിയിരുന്നതായും യുവതിയുടെ പരാതിയില്‍ ആരോപണമുണ്ട്.
പീഡനത്തെകുറിച്ച് താന്‍ ചോദിച്ചപ്പോള്‍, തന്നെ റൈഫിള്‍ ഉപയോഗിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.