പത്തനംതിട്ട: ഒന്‍പതുവയസുള്ള സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏനാദിമംഗലം മാരൂർ കുറുന്പുകര ബാബുവിലാസത്തിൽ വിനീഷിനെ (25) പത്തനംതിട്ട പോക്സോ സ്പെഷൽ കോടതി ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ചു. ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കാനാണ് വിധി. പിഴ ഒടുക്കാത്ത പക്ഷം ആരുമാസം കഠിനതടവ് കൂടി അനുഭവിക്കണം.
പിഴയായി ഒടുക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവായി.2013 നവംബർ അഞ്ചിന് വൈകുന്നേരം 5.30നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിക്കകത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ഏനാത്ത് എസ്ഐ ആയിരുന്ന ജയകുമാർ രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ മാതാവ് കുട്ടിയോടൊപ്പം സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. പ്രമുഖ രാഷ്ട്രീകക്ഷികളുടെ നേതാക്കൻമാർ പ്രതിഭാഗം സാക്ഷികളായി കോടതി മുന്‍പാകെ മൊഴി നൽകിയിരുന്നുവെങ്കിലും അവരുടെ മൊഴി അവിശ്വസനീയമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ർ പി.എ. ഹൻസലാഹ് മുഹമ്മദ് കോടതിയിൽ ഹാജരായി.