ന്യൂഡൽഹി: ലൈംഗികപീഡന ആരോപണത്തെത്തുടർന്ന് ആകാശവാണി ഉദ്യോഗസ്ഥന്റെ ശന്പളം വെട്ടിക്കുറച്ച് ജോലിയിൽ നിന്നു തരംതാഴ്ത്തി. ഒന്പതു വനിതാ സഹപ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. ഉദ്യോഗസ്ഥന്റെ ശന്പളം ഒരു വർഷം രണ്ടു ഘട്ടമായി വെട്ടിക്കുറയ്ക്കും. ഈ കാലയളവിൽ ഒരുവിധത്തിലുള്ള ആനുകൂല്യങ്ങളും നൽകേണ്ടെന്നും അച്ചടക്ക സമിതി തീരുമാനിച്ചു.
നവംബർ 12നാണ് ഉദ്യോഗസ്ഥനെതിരേ വനിതാ കമ്മീഷന് പരാതി ലഭിച്ചത്. കേന്ദ്ര വാർത്താ വിനിമയ വകുപ്പ് സെക്രട്ടറിക്കും പ്രസാർഭാരതി സിഇഒയ്ക്കും പരാതിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്തയച്ചു. തുടർന്നാണ് അന്വേഷണത്തിനായി അച്ചടക്കസമിതിയെ നിയോഗിച്ചത്.
വനിത ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്ന് പ്രസാർ ഭാരതി ഓഫീസിൽ സിസി ടിവി കാമറകൾ സ്ഥാപിച്ചു. ഇവരുടെ സുരക്ഷയെ കരുതി ഗതാഗത സൗകര്യവും ഒരുക്കി. ആകാശവാണിയിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തടയണം എന്നാവശ്യപ്പെട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി കേന്ദ്ര വാർത്താവിതരണ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിന് കത്തയച്ചിരുന്നു.