ആലക്കോട്: ഒറ്റത്തൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായതിനു പുറമേ പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരങ്ങൾക്കെതിരേ അന്വേഷണം തുടരുന്നു. പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന സഹോദരങ്ങൾ രണ്ടു വർഷം മുന്പ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.
ഈ പീഡനം നേരിൽ കണ്ട കേസിലെ അറസ്റ്റിലായ കുഞ്ഞിരാമൻ പിന്നീട് പെൺകുട്ടിയെ പല തവണ ഇതുപറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ഇനിയും പിടിയിലാകാനുള്ള സഹോദരങ്ങൾ ഒളിവിലാണ്. ഇവരെ പോലീസ് അന്വേഷിച്ചുവരികയാണ്.
പെൺകുട്ടിയെ വിശദമായി കൗൺസിലിംഗിനു വിധേയമാക്കിയെങ്കിൽ മാത്രമേ കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് വ്യക്തമാകൂ. ഇതിനിടെ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ കുറ്റം നിഷേധിച്ചതായും പറയുന്നു. തങ്ങളെ കേസിൽ കുടുക്കിയതാണെന്നും വേറെ ചിലരാണ് കേസിൽ പ്രതികളെന്നുമാണ് ഇവർ നൽകുന്ന സൂചന.
പെൺകുട്ടിയുടെ വിശദമായ മൊഴിയിൽനിന്നു മാത്രമേ കുറ്റവാളികളെ സംബന്ധിച്ച് കൂടുതൽ വ്യക്തത കിട്ടുകയുള്ളൂ. ഇതിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന സഹോദരന്മാർ പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.