പയ്യന്നൂര്‍: കാസര്‍ഗോഡ് ഉദുമ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പയ്യന്നൂരിലെ ലോഡ്ജുകളില്‍ കൊണ്ടുവന്ന് മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.
ശ്രീകണ്ഠപുരം നിടിയേങ്ങയിലെ അഭിലാഷാണ് (32) പിടിയിലായത്. സംഭവത്തിനു ശേഷം പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്നതിനിടയില് വിദേശത്തേക്കു കടന്ന ഇയാള്‍ ഞായറാഴ്ച രാത്രിയോടെ ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.
ഗള്‍ഫിലേക്ക് കടന്ന ഇയാള്‍ക്കെതിരെ കഴിഞ്ഞവര്‍ഷം പയ്യന്നൂര്‍ എസ്എച്ച്ഒ എം.പി. ആസാദ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഇയാളെ അധികൃതര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
2018 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന ഒരു കുട്ടിയുടെ അമ്മയായ യുവതിയുടെ പരാതിയിലാണ് കേസ്. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അഭിലാഷ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിനെത്തുടർന്ന് വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് പയ്യന്നൂരിലെത്തിച്ച് പോലീസ് സ്റ്റേഷന് റോഡിലെ രണ്ടു ലോഡ്ജുകളിലായി താമസിപ്പിച്ച് മാനഭംഗപ്പെടുത്തി എന്നായിരുന്നു യുവതിയുടെ പരാതി.
സംഭവത്തിനുശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് യുവാവ് പിന്മാറുകയും മറ്റൊരു വിവാഹത്തിനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിലായിരുന്നു പോലീസ് കേസെടുത്തത്. പോലീസ് നിടിയേങ്ങയിലെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഇയാളുടെ സുഹൃത്തുക്കളില്‍നിന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് മനസിലാക്കിയതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.