ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ വിദേശത്തെത്തിച്ചു പീഡിപ്പിച്ച സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. വളാഞ്ചേരി പോലീസാണ് പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖിനെ അറസ്റ്റു ചെയ്തത്. രണ്ടാനമ്മയുടെ മകളായ 35കാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിദേശത്തു ജോലി ചെയ്തു വരികയായിരുന്നു സിയാഖ്. ദുബായില്‍ മാന്യമായ ജോലി നല്‍കാമെന്ന് പറഞ്ഞാണ് രണ്ടാനമ്മയുടെ മകളെ യുഎഇയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സ്നേഹത്തോടെ കൂട്ടികൊണ്ടുപോയെങ്കിലും ദുബായിലെത്തിയതോടെ ഇയാളുടെ ്സ്വഭാവം മാറി. ഇയാളുടെ താമസസ്ഥലത്തുള്ള ഒരു മുറിയില്‍ കൊണ്ടുപോയി തടവില്‍ വച്ച് 25 ദിവസത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി.
പെണ്‍വാണിഭ സംഘത്തിന് സഹോദരിയെ കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അവരില്‍നിന്നു പണവും ഇയാള്‍ കൈപ്പറ്റിയിരുന്നു. എന്നാല്‍ അതിനുമുന്‍പ് അയല്‍വാസികളുടെ സഹായത്തോടെ യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അയല്‍വാസികളുടെ വീട്ടില്‍ അഭയംതേടിയ യുവതി ചില മലയാളികളുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ സിയാഖിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.