മുംബൈ: മഹാരാഷ്ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പുനെയിലെ ഷിരൂർ തഹസിൽനിന്ന് അർധരാത്രിയോടെയാണ് പ്രതി ദത്താത്രയ് ഗഡെ (36) യെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആര്‍ടിസി) ശിവ്ഷാഹി എസി ബസിലാണു സംഭവം.
പ്രതിയെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്കു പോകാന്‍ ബസ് കാത്തുനില്ക്കുമ്പോള് സഹായിക്കാനെന്ന വ്യാജേന സമീപിച്ച് ബസില്‍ കയറ്റുകയായിരുന്നു. ബസില്‍ ആരും ഉണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ചശേഷം ഇയാള്‍ യുവതിയെ പീഡിപ്പിച്ചു.
സംഭവത്തിനുശേഷം മറ്റൊരു ബസില്‍ കയറിയ യുവതി സുഹൃത്തിനോടു വിവരം പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിന്റെ നിർദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്ഥിരംകുറ്റവാളി
ദത്താത്രയ ഗഡെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. മോഷണം, പിടിച്ചുപറി, മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയാണ് ഇയാൾ. പുനെയിലും സമീപ ജില്ലകളിലുമായി ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്. 2019ൽ വായ്പയെടുത്ത് ഇയാൾ ഒരു കാർ വാങ്ങിയിരുന്നു. പുനെ-അഹല്യനഗർ റൂട്ടിൽ ടാക്സി സർവീസ് നടത്തിയിരുന്നു. സ്ത്രീകളെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാലയും പണവും കൊള്ളയടിക്കുക പതിവായിരുന്നു.
എൻസിപിയുടെ പ്രാദേശിക പ്രവർത്തകൻ
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി മുൻ എംഎൽഎ അശോക് പവാറിന്റെ ചിത്രം ഉൾക്കൊള്ളുന്ന ബാനറിൽ ഗഡെയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതു വൻ വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഗഡെ പാർട്ടി നേതാവിനുവേണ്ടി പ്രവർത്തിച്ചിരുന്നു. ഗുണത് ഗ്രാമത്തിലെ സംഘർഷ്-മുക്തി സമിതി സ്ഥാനത്തേക്കു ഗഡെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.