ഉപ്പുതറ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയെ ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡ് ദുംഗാ ജില്ലയിലെ ദൻവായി എൻസിദ വില്ലയിൽ അനിൽ മുർമു (22)വിനെയാണ് എസ്ഐ സലീം രാജ് അറസ്റ്റു ചെയ്തത്. വളകോട്ടിലെ സ്വകാര്യ മെറ്റൽ ക്രെഷറിലെ ജോലിക്കാരനാണ് അനിൽ മുർമു.
ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ ക്രഷർ യൂണിറ്റിൽ ജോലിക്കാരായിരുന്നു. സമീപത്താണ് ഇരുവരും താമസിച്ചിരുന്നത്. അതിനിടെ അനിലും പെൺകുട്ടിയും പ്രണയത്തിലായി. വ്യാഴാഴ്ച പെൺകുട്ടിയെ കാണാതായി.
പരാതിയെത്തുടർന്ന് ഉപ്പുതറപോലീസ് നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ സമീപത്തെ ഏലത്തോട്ടത്തിൽനിന്ന് ഇരുവരെയും കണ്ടു കിട്ടി. തുടർന്ന് പോക്സോ വകുപ്പുകൾ ചേർത്ത് അനിൽ മുർമുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈദ്യപരിശോധനയ്ക്കുശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രതിയെ കോടതി റിമാൻഡു ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ സി.സി. അഭിലാഷ്, കെ.വി. അജേഷ്, എ. ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.