കോട്ടയം: സാധനം വാങ്ങാനെത്തിയ വീട്ടമ്മയെ കയറിപ്പിടിച്ച കടയുടമയെ നാട്ടുകാർ കൈകാര്യം ചെയ്തു. നാണക്കേടുമൂലം പുറത്തിറങ്ങാനാവാതെ കഴിയുകയാണ് കടയുടമ. പരാതി നൽകിയാൽ പീഡനക്കേസിൽ അകത്താകുമെന്നു ഭയന്ന് മർദനം സഹിച്ചു. മണർകാടിനും ഒറവയ്ക്കലിനും ഇടയ്ക്കുള്ള പ്രദേശത്തെ കടയുടമയാണ് കഴിഞ്ഞ ദിവസം സാധനം വാങ്ങാനെത്തിയ വീട്ടമ്മയെ കയറിപ്പിടിച്ചത്.
വീട്ടമ്മ ബിസ്കറ്റ് വാങ്ങാനെത്തിയപ്പോൾ കടയുടമ അകത്ത് ചായ ഉണ്ടാക്കുകയായിരുന്നു. ബിസ്കറ്റ് അകത്തെ മുറിയിലുണ്ട് എടുത്തോളാൻ പറഞ്ഞു. ഇതു കേട്ട് വീട്ടമ്മ മുറിക്കുള്ളിൽ കയറി ബിസ്കറ്റ് തെരയുന്നതിനിടെയാണ് കടയുടമ കയറിപ്പിടിച്ചത്.
അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ വീട്ടമ്മ കുതറി മാറി സമീപത്തെ വീട്ടിലേക്ക് ഓടി. വീട്ടമ്മയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടി. സ്ഥലത്തില്ലാതിരുന്ന ഭർത്താവിനെ വിളിച്ചുവരുത്തി. പിറ്റേന്നു രാവിലെ കടയുടമ കണി കണ്ടത് ഒരു സംഘം ആളുകളെയാണ്. അവർ കടയുടമയെ വീട്ടിൽനിന്ന് വലിച്ചിറക്കി നന്നായി കൈകാര്യം ചെയ്തു.
സ്ത്രീകളും പുരുഷൻമാരും അടക്കമുള്ള സംഘം കടയുടമയുടെ ഭാര്യയ്ക്കിട്ടും കൊടുത്തു. വീട്ടമ്മയുടെയും ഭർത്താവിന്റെയും കാൽക്കൽ വീണ് കടയുടമ മാപ്പ് ചോദിച്ചു. നാട്ടുകാർ കാണ്കെ നടന്ന സംഭവത്തിൽ നാണക്കേടുമൂലം പുറത്തിറങ്ങാനാവാതെ കഴിയുകയാണ് കടയുടമ.
മർദനത്തിൽ പരിക്കേറ്റ കടയുടമ ഒരു വിധത്തിൽ ഏന്തി വലിഞ്ഞ് എത്തി കട തുറന്നെങ്കിലും അവിടെയും എത്തി ചിലർ ഭീഷണിപ്പെടുത്തി. മിഠായി ഭരണിയും മറ്റും എറിഞ്ഞുടച്ചു. എന്തു ചെയ്യാം കട ആക്രമിച്ചുവെന്നു പറഞ്ഞ് പരാതി നല്കിയാൽ പീഡന കേസിൽ അകത്താകുമെന്നു കരുതി ഒതുങ്ങി കഴിയുകയാണ് കടയുടമ.