ബംഗളൂരു: ബംഗളൂരു നഗരത്തിൽ പുതുവർഷാഘോഷത്തിനിടെ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ബംഗളൂരുവിലെ റിച്ച്മോണ്ട് സർക്കിളിൽ പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിയെയാണ് ഒരു സംഘം യുവാക്കൾ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഭർത്താവിനും യുവാക്കളുടെ മർദനമേറ്റു. 2016-ലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബംഗളൂരു നഗരത്തിൽ വ്യാപകമായി സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമങ്ങൾ അരങ്ങേറിയിരുന്നു. അന്ന് ബംഗളൂരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളിൽലാണ് സംഭവമുണ്ടായത്.
അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചും ജനക്കൂട്ടം സ്ത്രീകളെ അക്രമിക്കുകയായിരുന്നു.
സംഭവം വൻവിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെ അതിനുശേഷമുള്ള എല്ലാ പുതുവത്സരദിനത്തിലും നഗരത്തിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. 250 വനിതാ പോലീസ് സ്ക്വാഡ് ഉൾപ്പെടെ പതിനായിരത്തിലേറെ പോലീസുകാരെയാണ് ഇത്തവണ നഗരത്തിൽ വിന്യസിച്ചിരുന്നത്.