ഭോപ്പാൽ: ബിരുദ വിദ്യാർഥിനിയായ പത്തൊന്‍പതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ വിചിത്രമായ റിപ്പോർട്ടുമായി ഡോക്ടർമാർ. നാലു പുരുഷന്മാർ ചേർന്ന് മൂന്നുമണിക്കൂറോളം പെണ്‍കുട്ടിയെ കെട്ടിയിട്ട് ഉപദ്രവിച്ചെന്നായിരുന്നു പരാതി. എന്നാൽ പെൺകുട്ടി സമ്മതത്തോടെയാണ് ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
പെൺകുട്ടി ഇരയല്ലെന്നും കുറ്റാരോപിതയാണെന്നുമാണ് സുൽത്താനിയ ലേഡി ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാർ നൽകിയ റിപ്പോർട്ട്. സംഭവം വിവാദമായതോടെ ഡോക്ടർമാരുടെ അശ്രദ്ധകൊണ്ട് പറ്റിയ തെറ്റാണെന്ന വാദവുമായി ആശുപത്രി രംഗത്ത് എത്തി. പുതിയ റിപ്പോർട്ടിൽ മാനഭംഗം നടന്നെന്നും പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ടെന്നും പറയുന്നു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 31നാണ് സംഭവം ഉണ്ടായത്. സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിൽനിന്നു മടങ്ങിയ ബിരുദ വിദ്യാർഥിനിയായ പത്തൊന്‍പതുകാരി കൂട്ടബലാത്സംഗത്തിന് ഇരയാകുകയായിരുന്നു.
വൈകിട്ട് ഏഴോടെ പരിശീലന ക്ലാസിനുശേഷം റെയിൽവെ സ്റ്റേഷനിലേക്ക് നടന്നുപോയ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഈ സമയം സ്ഥലത്ത് മദ്യപിച്ചിരുന്ന രണ്ടുപേർ ചേർന്ന് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും കെട്ടിയിട്ട് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ആക്രമണത്തിനിടെ സംഭവസ്ഥലത്തുനിന്ന് പോയ ഒരാൾ മറ്റ് രണ്ടുപേരെ കൂട്ടിക്കൊണ്ടുവന്നു. അവരും തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പരാതിയിൽ പറയുന്നുണ്ട്.
പത്തുമണിയോടെയാണ് പെണ്‍കുട്ടിയെ അവർ വിട്ടയച്ചത്. കമ്മലും ഫോണും വാച്ചും അക്രമികൾ തട്ടിയെടുക്കുകയും ചെയ്തു. പിറ്റേന്ന് അച്ഛനൊപ്പം ചെന്നാണ് പെണ്‍കുട്ടി പരാതി നൽകിയത്.
എന്നാൽ സിനിമാക്കഥ പറയുകയാണോ എന്ന് ചോദിച്ച് പോലീസ് പരിഹസിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽനിന്നു മടങ്ങുന്നതിനിടെ ആക്രണണത്തിരയായ സ്ഥലത്തുവച്ച് അക്രമികളിൽ രണ്ടുപേരെ പെണ്‍കുട്ടി കണ്ടു. തുടർന്ന് സബ് ഇൻസ്പെക്ടറായ അച്ഛനും സിഎെഡി ഉദ്യോഗസ്ഥയായ അമ്മയും ചേർന്ന് മകളെ പീഡിപ്പിച്ച രണ്ട് പ്രതികളെയുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് പരാതി സ്വീകരിച്ചത്. സംഭവവവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.