ന്യൂഡൽഹി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പീഡനപരാതി നൽകിയ വിദ്യാർഥിനിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്.
ചിന്മയാനന്ദ് വിദ്യാർഥിനിക്കെതിരേ പരാതി നല്കിയിരുന്നു. 5 കോടി രൂപ ആവശ്യപ്പെട്ട് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾ ചിന്മയാനന്ദിന് മെസേജുകൾ അയച്ചിട്ടുണ്ട്. ജനുവരി മുതലുള്ള ഇവരുടെ 4300 ഫോൺ കോളുകളും പരിശോധിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
വിദ്യാർഥിനിയെ സഹായിച്ച സുഹൃത്തിനെയും രണ്ടു ബന്ധുക്കളെയും അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്. ഷാജഹാൻപൂരിലെ സ്വാമി സുഖ്ദേവാനന്ദ് ലോ കോളജിലെ എൽഎൽഎം വിദ്യാർഥിനിയുടെ ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചിന്മയാനന്ദിനെതിരേ കേസെടുത്തത്.
തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയതിനു ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തിലേറെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.
ചിന്മയാനന്ദിനെതിരേ തെളിവുകളായി 43 വീഡിയോകളടങ്ങിയ പെൻഡ്രൈവ് പരാതിക്കാരി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. തെളിവുകളായി നൽകിയ വീഡിയോകളിലെ ഉള്ളടക്കവും ചിന്മയാനന്ദ് സമ്മതിച്ചിട്ടുണ്ട്. നിയമ വിദ്യാർഥിനിയായ പെണ്കുട്ടിയെക്കൊണ്ട് ഭീഷണിപ്പെടുത്തി ശരീരം മസാജ് ചെയ്തിട്ടുണ്ടെന്ന് ചിന്മയാനന്ദ് കുറ്റസമ്മതം നടത്തി.
താൻ ചെയ്ത പ്രവൃത്തിയിൽ കുറ്റബോധമുണ്ടെന്നും സ്വാമി ചോദ്യം ചെയ്യലിൽ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.”വിദ്യാർഥിനിയുടെ ആരോപണത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ സത്യമാണ്. നിഷേധിക്കുന്നില്ല.
വിദ്യാർഥിനിയോട് തുടർച്ചയായി അശ്ലീല സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു’ കൂടുതൽ കാര്യങ്ങൾ പറയാൻ നാണക്കേടുകൊണ്ട് സാധിക്കുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ നവീൻ അറോറ വ്യക്തമാക്കിയിരുന്നു.