ന്യൂഡൽഹി: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപതു വർഷം കഠിനതടവു വിധിച്ച് ഡൽഹി കോടതി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണ നിയമം (പോക്സോ) പ്രകാരമാണ് നടപടി. നിലവിൽ കോളജ് വിദ്യാർഥിയായ കുട്ടി സംഭവസമയം പ്രായപൂർത്തിയായിരുന്നില്ല.
കുട്ടിയുടെ പിതാവ് രജൗരി ഗാർഡൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്. പ്രത്യേക ജഡ്ജി (പോക്സോ) പ്രീതി പരേവ കുറ്റവാളിയെ ഇരുപതുവർഷം കഠിന തടവും 52,000 രൂപ പിഴയും വിധിച്ചു. കുട്ടിയുടെ പുനരധിവാസത്തിനായി ഇരുപതു ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതി അനുവദിച്ചു.