മുസാഫര്‍നഗർ: കാമുകിയുമായി ഒളിച്ചോടിയതിനു പ്രതികാരമായി യുവാവിന്റെ അമ്മയെ യുവതിയുടെ ബന്ധുക്കൾ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ശ്യാമിലി ജില്ലയിൽ നോജാലിലായിരുന്നു സംഭവം. മുസാഫർനഗർ സ്വദേശിയായ 24 വയസുകാരിയായ പെൺകുട്ടിയുമായി ഗാസിയാബാദിലെ ഭോപുര സ്വദേശിയായ ഇരുപത്തിയാറുകാരനാണ് പ്രണയത്തിലായത്. ഗാസിയാബാദിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയുമായി നവംബർ 20 നാണ് ഇയാൾ ഒളിച്ചോടുന്നത്.
സംഭവം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ സഹോദരൻ, അമ്മ, അച്ഛൻ, സഹോദരി ഭർത്താവ് എന്നിവരെ ഡിസംബർ 19 ന് തട്ടിക്കൊണ്ടുപോകുകയും ശ്യാമിലിയിലുള്ള ഒരു വീട്ടില്‍ തടവിലാക്കുകയും ചെയ്തു. ഇവിടെവച്ച് ഇവർക്ക് ക്രൂര മർദനമാണ് നേരിടേണ്ടിവന്നത്. യുവാവിന്റെ നാൽപതുവയസുള്ള അമ്മയെ പ്രതികൾ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് വീട്ടൽ റെയ്ഡ് നടത്തുകയും ഇവരെ മോചിപ്പിക്കുകയുമായിരുന്നു. ക്രിസ്മസ് ദിനത്തിലാണ് ഇവരെ മോചിപ്പിച്ചത്. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സഹോദരന്മാരില് ഒരാള്‍ മുന്‍ ഗ്രാമമുഖ്യനാണെന്നും പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.