ഈരാറ്റുപേട്ട: പൂഞ്ഞാർ സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടറെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം പടിഞ്ഞാറേക്കര വല്ലകം സ്വദേശി ഡിബിൻ (27) ആണ് പിടിയിലായത്.
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ പെണ്‍കുട്ടിയെ വശീകരിച്ചത്. പൂഞ്ഞാർ സ്വദേശിനിയായ 19-കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയ ഡിബിൻ, കഴിഞ്ഞ ഏഴിന് പെണ്‍കുട്ടിയുടെ ആലപ്പുഴയിലുള്ള കൂട്ടുകാരിയുടെ വീട്ടിൽവച്ചും പിറ്റേന്ന് പ്രതിയുടെ പാലാ മൂന്നാനിയിലുള്ള വാടക വീട്ടിൽവച്ചും ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
പ്രതി ഒന്‍പതു മാസം മുന്‍പു മരങ്ങാട്ടുപിള്ളി, ആണ്ടൂർ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ച് ഗുരുവായൂർ അന്പലത്തിൽവച്ച് വിവാഹം കഴിച്ചത് മറച്ചുവച്ചാണ് പൂഞ്ഞാർ സ്വദേശിനിയായ പെണ്‍കുട്ടിയേയും പ്രണയം നടിച്ച് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഈരാറ്റുപേട്ട എസ്ഐ എം.എച്ച്. അനുരാജ്, എഎസ്ഐമാരായ ഷാബുമോൻ ജോസഫ്, ജയ്മോൻ, ബിജുമോൻ, സിപിഒമാരായ സോജു സൈമണ്‍, ജോമി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.